Saturday 10 November 2018

മേം ഖുദിരാം ബോസ്‌ ഹൂം



മേം ഖുദിരാം ബോസ്‌ ഹൂം

Courtesy: Siddieque Padappil Charithraanveshikal


"എനിക്ക്‌ കുറച്ചു കൂടി സമയം ലഭിച്ചാൽ ജഡ്‌ജിയെ ബോംബു നിർമ്മാണം പഠിപ്പിക്കാൻ കഴിഞ്ഞേനെ"
തന്റെ വധശിക്ഷ വിധിച്ച ജഡ്‌ജി, 'എന്തെങ്കിലും പറയാനുണ്ടോ.?' എന്ന ചോദ്യത്തിന്ന് മറുപടിയായ ധീരപോരാളി ഖുദിരാം ബോസ്‌ കൊടുത്ത മറുപടിയാണ്‌ മേലെ. വധശിക്ഷാ വിധി കേട്ടിട്ടും കൂസലില്ലാതെ പുഞ്ചിരി തൂകി നിൽക്കുന്ന ഖുദിരാമിനെ കണ്ട്‌ ഒരു വേള ജഡ്‌ജി തന്നെ ഞെട്ടിയിരിക്കണം. രാജ്യസ്നേഹത്തിന്റെ മൂർത്തിഭാവമായിരുന്നു ഖുദിരാം ബോസ്‌. ഒരു കോടതിക്കും തകർക്കാനാവാത്ത ആത്മവിശ്വാസം പരത്തുന്ന വാക്കുകൾ മറ്റു സ്വാതന്ത്ര്യ പോരാളികൾക്ക്‌ കരുത്തേകിയിരിക്കണം.
ഇത്‌ ഖുദിരാം ബോസ്‌.. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത്‌ രക്തസാക്ഷിയായ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഖുദിരാം ബോസ്‌. പതിനെട്ട്‌ വയസ്സും എട്ടു മാസവും എട്ട്‌ ദിവസവും പ്രായം പ്രായമുള്ളപ്പോഴായിരുന്നു ഖുദിരാമിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുന്നത്‌. പശ്ചിമ ബംഗാളിലെ മിഡ്‌നാപുർ ജില്ലയിലെ ഹബീബ്‌പുർ എന്ന പ്രദേശത്തായിരുന്നു ഖുദിരാമിന്റെ ജനനം. ലക്ഷ്മിപ്രിയ-ത്രൈലോക്യ നാഥ്‌ ബോസിന്റെ മകനായി 1889 ഡിസന്പർ 3 നായിരുന്നു ബോസ്‌ ജനിക്കുന്നത്‌. ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഖുദിരാം, സഹോദരിയുടെ സംരക്ഷണതയിലാണ്‌ വളർന്നത്‌. തമ്ലൂക്കിലെ ഹാമിൽട്ടൺ സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസം നേടി.
1900 ന്റെ ആരംഭത്തിൽ മിഡ്‌നാപൂരിൽ പ്രസംഗിച്ചിരുന്ന സിസ്റ്റർ നിവേദിതയുടെയും അരോബിന്ദോയുടെയും പ്രസംഗങ്ങളിൽ ആകൃഷ്ടനായ ഖുദിരാം ദേശീയ പ്രസ്ഥാനങ്ങളോട്‌ അടുക്കുകയുണ്ടായി. ബ്രിട്ടീഷുകാർക്കെതിരെ പോരാടണമെന്ന തീവ്രചിന്ത ചെറുതിലേ ഖുദിരാമിൽ ആഴ്‌ന്നിറങ്ങി. പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യ സമരത്തിലേക്ക്‌ എത്തി. ചെറിയ പ്രായത്തിൽ തന്നെ ബോംബ്‌ നിർമ്മാണത്തിൽ നിപുണനായ ഖുദിരാം പോലീസുകാരെ ആക്രമിക്കാനാണ്‌ ശ്രമിച്ചത്‌. 1905 ൽ ബംഗാളിലെ സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പോലീസ്‌ ജനങ്ങളെ നിഷ്കൂരം മർദ്ദിച്ചിതായിരുന്നു ഈ പ്രതികാരാഗ്നിക്ക്‌ കാരണം. പോലീസ്‌ പലരെയും ജയിലിലാക്കി, വ്യാജ ആരോപണങ്ങൾ നടത്തി ശിക്ഷിക്കുകയു ചെയിതു. നീതിരഹിത വിധി പ്രസ്താവിക്കുന്നതിൽ കുപ്രസിദ്ധി നേടിയ കിംഗ്സ്‌ഫോർഡ്‌ എന്ന ബ്രിട്ടീഷുകാരൻ ജഡ്‌ജി ബംഗാൾ ജനതയെ കഴിയും വിധം ദ്രോഹിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ഖുദിരാം പോലിസ്‌ സ്റ്റേഷനിൽ ബോംബ്‌ വെക്കുകയും മറ്റു ആക്രമണങ്ങൾക്ക്‌ നേതൃത്വം കൊടുക്കുകയും ചെയിതിരുന്നു. പിന്നീട്‌ മുസഫർപ്പുർ മജിസ്‌ട്രേറ്റ്‌ ആയ കിംഗ്സ്‌ഫോഡിനെ വധിക്കാൻ പദ്ധതി തയ്യാറാക്കി മുസഫർപ്പുറിലേക്ക്‌ യാത്ര പോയി.
മുസഫർപ്പുറിലെത്തിയ ഖുദിരാം കിംഗ്സ്‌ഫോർഡിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ വേണ്ടി ശ്രമിച്ചു. ഹരേൻ ശങ്കർ എന്ന അപരനാമത്തിൽ അവിടെ കഴിഞ്ഞ ഖുദിരാം ഒരു തക്കം പാർത്തിരുന്നു. കിംഗ്സ്‌ഫോഡ്‌ വീട്ടിലേക്ക്‌ പോകുന്നതും ക്ലബ്ബിലേക്ക്‌ പോകുന്നതുമൊക്കെയുള്ള ദിനചര്യകൾ മനഃപാഠമാക്കി അവസരം നോക്കി നിന്നു. 1908 ഏപ്രിൽ 30 ന്ന് കിംഗ്സ്ഫോഡ്‌ വരുന്നതും കാത്ത്‌ യൂറോപ്യൻ ക്ലബ്ബിന്റെ പുറത്ത്‌ കാത്തിരുന്നു. 8:30 ന്ന് കിംഗ്സ്ഫോഡ്‌ പുറത്ത്‌ വരുന്ന വാഹനം നോക്കി ബോബെറിഞ്ഞു. പക്ഷേ, നിർഭാഗ്യവശാൽ ആ വാഹനത്തിൽ ഉണ്ടായിരുന്നത്‌ മുസഫർപ്പുർ കോടതിയിലെ അഭിഭാഷകനായിരുന്ന പ്രിംഗിൾ കെനഡിയുടെ ഭാര്യയും മകളുമായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട ഖുദിരാം കാൽനടയായി 50 കിലോമീറ്ററോളം സഞ്ചരിച്ചു. ഈ സമയം അക്രമികൾക്ക്‌ വേണ്ടി പോലിസ്‌ നാൽ പാടും വല വീശിയിരുന്നു. അക്രമികളെ പറ്റി വിവരം നൽകുന്നവർക്ക്‌ ആയിരം രൂപ പാരിതോഷികവും പോലിസ്‌ പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ ഉൾവഴിയിലൂടെ തുടർച്ചയായി നടന്ന് തളർന്ന ഖുദിരാം വെള്ളം കുടിക്കാനായി അടുത്ത്‌ കണ്ട ആളനക്കമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ കയറി. മുഷിഞ്ഞ വേഷധാരിയായ ഖുദിരാമിൽ സംശയം തോന്നിയ രണ്ട്‌ പോലിസുകാർ അയാളെ ചോദ്യം ചെയിതു. പോലിസുകാരുമായുള്ള ഉന്തും തള്ളലിൽ അരയിൽ വെച്ചിരുന്ന കൈത്തോക്ക്‌ താഴെ വീണു. ഇത്‌ കണ്ട പോലിസുകാർ ഖുദിരാമിനെ കീഴ്പ്പെടുത്തുകയും അറസ്റ്റ്‌ ചെയ്യുകയും ചെയിതു.
ഖുദിരാമിന്റെ അറസ്റ്റ്‌ വാർത്ത പരന്നു. കോടതിയിൽ ഹാജരാക്കപ്പെട്ട 18 വയസ്സ്‌ പ്രായം മാത്രം തോന്നിപ്പിക്കുന്ന യുവാവിനെ കാണാൻ ജനം തടിച്ചു കൂടി. 1908 മെയ്‌ 21 ന്ന് വിചാരണ ആരംഭിച്ചു. ഖുദിരാമിന്ന് വേണ്ടി അക്കാലത്തെ പ്രമുഖരായ അഭിഭാഷകരെല്ലാം ഫീസ്‌ വാങ്ങാതെ വാദിച്ചുവെങ്കിലും വിധി ഖുദിരാമിന്ന് അനുകൂലമായിരുന്നില്ല. വിചരണക്ക്‌ ശേഷം വധശിക്ഷ വിധിക്കുകയുണ്ടായി. ഒരു പുഞ്ചിരിയോടെയാണ്‌ ഖുദിരാം തന്റെ വിധി കേട്ടത്‌. വിധിക്ക്‌ ശേഷം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ്‌ കുറച്ച്‌ സമയം കൂടി അനുവദിക്കുകയാണെങ്കിൽ നിങ്ങളെ കൂടി ഞാൻ ബോംബ്‌ നിർമ്മാണം പഠിപ്പിക്കുമായിരുന്നു എന്ന് ഇന്ത്യൻ ജഡ്‌ജിയോട്‌ കൂസലില്ലാതെ പറഞ്ഞത്‌.
1908 ഓഗസ്റ്റ്‌ 19 ന്ന് ആറു മണിക്ക്‌ ഖുദിരാമിനെ തൂക്കിലേറ്റുകയുണ്ടായി. പ്രസന്നവദനായാണ് ഖുദിരാം കൊലമരത്തിലേക്ക് നടന്നു കയറിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക എന്ന ബംഗാളി പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഖുദിരാം ബോസിന്റെ ജീവചരിത്രം ആസ്പദമാക്കി 2017 ൽ റിലീസ്‌ ചെയിത ബോളിവുഡ്‌ സിനിമയായിരുന്നു‌, 'Main Khudiram Bose Hoon'. ഭാരതത്തിന്റെ മണ്ണിൽ നിന്ന് ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച ധീര സമരപോരാളികൾക്ക്‌ മരണമില്ല. സ്വാരാജ്യത്തിന്ന് വേണ്ടി ആത്മബലി സമർപ്പിച്ച എല്ലാ ധീര രക്തസാക്ഷികൾക്ക്‌ മുന്നിൽ തല കുനിച്ച്‌ കൊണ്ട്‌....!!!
🌟 ѕ ρ 🌟


No comments:

Post a Comment

Search This Blog