Saturday 17 November 2018

രാസായുധങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ



രാസായുധങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ

Courtesy: Sarath Sarathlal- Charithraanveshikal


മനുഷ്യമാംസം പൊള്ളിയടർത്തിയ ‘ആയുധം’; അന്ന് സൈനികർ ഭ്രാന്തുപിടിച്ചതു പോലെ അലറി

World-War-1-Chemical-Weapon
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച് ഒൻപതു മാസം തികയുന്നേയുള്ളൂ– 1915 ഏപ്രിൽ 22. ബെൽജിയം നഗരമായ ഈപ്രസിൽ ജർമനിക്കെതിരെ പ്രതിരോധക്കോട്ട കെട്ടി ഒരുങ്ങിയിരിക്കുകയായിരുന്നു സഖ്യശക്തികൾ. ഈപ്രസിനു സമീപത്തെ ട്രഞ്ചുകളുടെ ചുമതല ഫ്രഞ്ച്, അൽജീരീയൻ സൈന്യത്തിനായിരുന്നു. സമയം വൈകിട്ട് ഏകദേശം അഞ്ചര‍. ജർമൻ സൈന്യത്തിന്റെ മുന്നേറ്റം പ്രതീക്ഷിച്ചു കാത്തിരുന്നവരുടെ ട്രഞ്ചിലേക്ക് ഒരു ഷെൽ വന്നു വീണു. പിന്നാലെ ചുറ്റിലും തുരുതുരാ ഷെല്ലുകൾ വന്നുവീഴാൻ തുടങ്ങി. ലോഹം കൊണ്ടു നിർമിച്ച ഒരു ‘കാനിനു’ സമാനമായിരുന്നു അവയെല്ലാം. ക്ലോറിൻ വാതകം നിറച്ച ആ കാനുകൾ 6000 എണ്ണമാണ് ഈപ്രസിൽ സഖ്യശക്തികൾക്കു മേൽ പതിച്ചത്. ഏകദേശം 168 ടൺ വിഷവാതകം. 

മഞ്ഞയും പച്ചയും കലർന്ന ഈ പുക സൈനികരുടെ ശ്വാസക്കുഴലുകളിലാണു പിടിമുറുക്കിയത്. ശ്വാസം കിട്ടാതെ പലരും പിടഞ്ഞു വീണു. ചിലർ നിമിഷങ്ങൾക്കകം മരിച്ചു. മറ്റുചിലർ ഭ്രാന്തു പിടിച്ചവരെപ്പോലെ ശ്വാസം കിട്ടാതെ പിടഞ്ഞു നിലവിളിച്ചു കൊണ്ടോടി. ഈപ്രസിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ഇത്തരത്തിൽ അലറിക്കരഞ്ഞ് ഓടിയെത്തിയ സൈനികരെ കണ്ടു സാധാരണക്കാരും ഭയചകിതരായി. കുട്ടികളുൾപ്പെടെ തെരുവിലേക്കിറങ്ങി ഭയപ്പാടോടെ നിന്നു. എന്താണു സംഭവിക്കുന്നതെന്നു പോലും ആർക്കും അറിയാത്ത അവസ്ഥ.

‘തല പൊള്ളിപ്പിളരുന്നതു പോലെ, ശ്വാസകോശത്തിലേക്ക് ചുട്ടുപഴുത്ത കൂർത്ത സൂചി കുത്തിയിറക്കുന്നതു പോലെ, കഴുത്തിൽ ആരോ കുരുക്കിട്ടു മുറുക്കുന്നതു പോലെ...’ എന്നായിരുന്നു ആ നിമിഷത്തെപ്പറ്റി പിന്നീടൊരു സൈനികൻ ഓർമക്കുറിപ്പിലെഴുതിയത്. അന്ന് ഈപ്രസിൽ മാത്രം അയ്യായിരത്തോളം സൈനികർ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേർക്കു പരുക്കേറ്റു. തങ്ങൾക്കു നേരെ പ്രയോഗിക്കപ്പെട്ട ആ അജ്ഞാത ആയുധം ഒന്നാം ലോകമഹായുദ്ധത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാൻ പോന്നതാണെന്നു പിന്നീടാണ് സഖ്യശക്തികൾ തിരിച്ചറിഞ്ഞത്.

ലോക മഹായുദ്ധത്തിൽ ആദ്യമായി വിഷവാതകം ‘ആയുധ’മായി പ്രയോഗിച്ച ജർമനിയെയും മറികടന്നു കൊണ്ടാണു പിന്നീട് ബ്രിട്ടനും ഫ്രാൻസും യുഎസുമെല്ലാം രാസായുധങ്ങൾ പ്രയോഗിച്ചത്. ഏകദേശം മൂവായിരത്തോളം തരം രാസവസ്തുക്കളിൽ അക്കാലത്തു പരീക്ഷണം നടന്നു. അവയിൽ അൻപതെണ്ണമെങ്കിലും യുദ്ധഭൂമിയിൽ പ്രയോഗിച്ചു. ക്ലോറിനും മസ്റ്റാർഡ് ഗ്യാസും ഫോസ്ജീനും പോലെ അതീവ മാരക രാസായുധങ്ങൾ ഒരുലക്ഷത്തോളം പേരുടെ ജീവനാണെടുത്തത്. പത്തു ലക്ഷത്തിലേറെ പേർക്കു പരുക്കേറ്റു. ഒട്ടേറെ പേർക്കു കാഴ്ച നഷ്ടപ്പെട്ടു. ലോകമഹായുദ്ധത്തിൽ ആകെ കൊല്ലപ്പെട്ടതിൽ ഒരു ശതമാനം മാത്രമേ രാസായുധങ്ങൾ കൊണ്ടുള്ളൂ എന്നാണു പറയപ്പെടുന്നത്. എന്നാൽ പിന്നീടൊരു മഹായുദ്ധത്തിലും പ്രയോഗിക്കരുത് എന്നു മാനവികതയെ പഠിപ്പിക്കാൻ പോന്നത്ര ക്രൂരവും കാട്ടാളത്തം നിറഞ്ഞതുമായിരുന്നു 1915 മുതൽ 1918വരെയുണ്ടായ അവയുടെ പ്രയോഗം.

എറിഞ്ഞ ജർമനിക്കു നേരെ വിഷക്കാറ്റ്...

1915 ജനുവരിൽ പോളണ്ടിലെ ബൊലിമൊഫിൽ നടന്ന യുദ്ധത്തിനിടെയും ജർമനി വിഷവാതക പ്രയോഗത്തിനു ശ്രമിച്ചിരുന്നു. ടിയർ ഗ്യാസിനു സമാനമായ സൈലില്‍ ബ്രോമൈഡായിരുന്നു 18,000 ഷെല്ലുകളിൽ നിറച്ച് റഷ്യൻ സൈന്യത്തിനു നേരെ പ്രയോഗിച്ചത്. എന്നാൽ അന്നതു ചീറ്റിപ്പോയി. ദ്രാവകാവസ്ഥയിലായിരുന്നു ഷെല്ലുകളിൽ രാസവസ്തുക്കൾ നിറച്ചിരുന്നത്. ഇവ നിലത്തു വീണു പൊട്ടിച്ചിതറുമ്പോൾ ബാഷ്പീകരിച്ചാണു വിഷവാതകം ഉണ്ടാവുക. എന്നാൽ ബൊലിമൊഫിലെ കൊടുംതണുപ്പിൽ വിഷദ്രാവകങ്ങളുടെ ബാഷ്പീകരണം നടന്നില്ല. മാത്രവുമല്ല, കാറ്റിന്റെ ഗതി ജർമൻ സൈന്യത്തിനു നേരെയായതോടെ രാസായുധങ്ങളുടെ ആദ്യ പ്രയോഗം നടക്കാതെ പോയി. ഈ നാണക്കേട് ഒഴിവാക്കാനായി എല്ലാ കാലാവസ്ഥാ ഘടകങ്ങളും കണക്കിലെടുത്തായിരുന്നു ഈപ്രസിലെ ജർമൻ പ്രയോഗം. 

German Gas Attack World War 1
ഒരിക്കൽപ്പോലും സംഭവിക്കില്ലെന്നു കരുതിയ ദുഃശ്ശകുനമായിരുന്നു ഈപ്രസിലേതെന്നായിരുന്നു ബ്രിട്ടന്റെ വാക്കുകൾ. ‘ക്ലോറിന്റെ വെള്ളപ്പുക പരിസരത്തു നിറഞ്ഞതോടെ ആര്‍ക്കും എന്താണു സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. ചുറ്റിലുമുള്ളവർ ഓരോരുത്തരായി കുഴഞ്ഞു വീഴുന്നു, ട്രഞ്ചുകളിൽ മൃതദേഹങ്ങൾ നിറയുന്നു. ഒരൊറ്റ മണിക്കൂറിനകം യുദ്ധമുന്നണി വിട്ടു സഖ്യശക്തികൾക്കു പിന്മാറേണ്ടി വന്നു. ബെൽജിയത്തിലേക്കുള്ള ജർമൻ മുന്നേറ്റത്തിനു നിർണായക പങ്കുവഹിച്ചതും ആ രാസായുധ പ്രയോഗമായിരുന്നു.

1899ലെയും 1907ലെയും ഹേഗ് കൺവൻഷനുകൾ അനുസരിച്ച് യുദ്ധമുന്നണിയിൽ ഒരു കാരണവശാലും വിഷവാതകങ്ങൾ പ്രയോഗിക്കരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ കാറ്റിൽപ്പറത്തിയായിരുന്നു ജർമൻ നീക്കം. 1915 സെപ്റ്റംബർ 25ന് ജര്‍മനിക്ക് ഇതിനുള്ള മറുപടിയും ലഭിച്ചു. ബ്രിട്ടിഷ് സൈന്യം ഇതാദ്യമായി ലോകമഹായുദ്ധത്തിൽ രാസായുധം പ്രയോഗിച്ചു. ‘ബാറ്റിൽ ഓഫ് ലൂസിൽ’ സിലിണ്ടറുകളിൽ നിന്നു ക്ലോറിൻ വാതകം പ്രയോഗിച്ചായിരുന്നു ബ്രിട്ടന്റെ പ്രതിരോധം. എന്നാല്‍ രണ്ടുമാസത്തിനപ്പുറം ക്രിസ്മസ് സമയത്ത് ജർമനി സഖ്യശക്തികൾക്കു നേരെ പ്രയോഗിച്ചത് ഫോസ്ജീൻ എന്ന മാരക രാസവസ്തു. അന്ന് ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. നൂറിലേറെ പേർ മരിച്ചുവീണു. അതിനിടെ ക്ലോറിൻ വിഷവാതകത്തിനെതിരെ ഫലപ്രദമായ മുഖാവരണങ്ങൾ എത്തിയതോടെ ജർമനി കൂടുതൽ ക്രൂരമായ മാര്‍ഗങ്ങളിലേക്കു തിരിഞ്ഞു. 

ചുട്ടുപൊള്ളിക്കും, വേദനിപ്പിച്ചു കൊല്ലും!

സഖ്യശക്തികൾ ഭയത്തോടെ ‘ഹോട്ട് സ്റ്റഫ്’ എന്നു വിളിച്ചിരുന്ന മസ്റ്റാർഡ് ഗ്യാസാണ് 1917 ജൂലൈ 12ന് ജര്‍മനി പ്രയോഗിച്ചത്. എണ്ണമയമുള്ള ഒരുതരം ദ്രാവകമായിട്ടായിരുന്നു ഇതിന്റെ പ്രയോഗം. തുണികളും റബറും തുകലുമെല്ലാം ‘തുളച്ചുകയറി’ പോകാനുള്ള ശേഷി ഈ വിഷവാതകത്തിനുണ്ടായിരുന്നു. അതിനാൽത്തന്നെ മാസ്കുകളുടെ പ്രതിരോധമെല്ലാം ഒന്നുമല്ലാതായിപ്പോയി. ദ്രാവകരൂപത്തിലുള്ള ഈ വിഷം ബാഷ്പീകരിക്കപ്പെടുന്നതോടെ ഉണ്ടാകുന്ന പുക കണ്ണുകൾ, മൂക്ക്, തൊണ്ട, ശ്വാസകോശം തുടങ്ങി മാസ്കുകളാൽ സംരക്ഷിക്കുന്ന ഭാഗങ്ങളെയെല്ലാം അനായാസം ബാധിച്ചു. 

ചർമവും ശ്വാസകോശവുമായി മസ്റ്റാർഡ് ഗ്യാസിന്റെ സമ്പർക്കമുണ്ടായാൽ അവിടം പൊള്ളിപ്പോളയ്ക്കും, തൊലിയടര്‍ന്നു പോരും. നിറമില്ലാത്ത ഇവയുടെ വെളുത്തുള്ളിയ്ക്കു സമാനമായ ഗന്ധം കൊണ്ടായിരുന്നു യുദ്ധഭൂമിയിൽ തിരിച്ചറിഞ്ഞിരുന്നത്. രണ്ടായിരത്തിലേറെപ്പേരെയാണ് ഇത് ആദ്യ ആഴ്ചകളിൽ തന്നെ കൊന്നൊടുക്കിയത്. ‘യുദ്ധവിഷവാതകങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മസ്റ്റാർഡ് വൈകാതെ തന്നെ സഖ്യശക്തികളും പ്രയോഗിക്കാൻ തുടങ്ങി. ചർമത്തിൽ ഈ വിഷവാതകം ഏൽപിക്കുന്ന ‘പ്രഹരം’ തിരിച്ചറിയാൻ കുറഞ്ഞത് 12 മണിക്കൂറെങ്കിലും വേണം. പതിയെപ്പതിയെ അതു ശരീരത്തെ ‘ദ്രവിപ്പിക്കാൻ’ തുടങ്ങും. ചർമം പൊള്ളി കുമിളകളുയരും. കണ്ണു തുറക്കാൻ പോലും പറ്റാത്തത്ര വേദന, പിന്നാലെ ശ്വാസംമുട്ടലും ഛർദ്ദിയും. 

Chemical Weapon Shell WWI
ശ്വാസക്കുഴലുകളെ ബാധിക്കുമ്പോഴുണ്ടാകുന്ന വേദന നെഞ്ചിൻകൂടിനെ പറിച്ചെറിയാന്‍ തോന്നിപ്പിക്കുന്നതായിരുന്നു. സഹിക്കാൻ പോലും സാധിക്കാത്ത വേദനയിൽ രോഗി പുളയുന്നതോടെ മരുന്നു പ്രയോഗിക്കണമെങ്കിൽ കട്ടിലിൽ കെട്ടിയിടേണ്ട അവസ്ഥയായിരുന്നു. പലർക്കും കാഴ്ചയും നഷ്ടപ്പെട്ടു. ആഴ്ചകളോളം സജീവമായി കിടക്കാനുള്ള ശേഷിയും മസ്റ്റാർഡ് ഗ്യാസിനുണ്ടായിരുന്നു. ഇവ ദ്രവരൂപത്തിൽ കിടക്കുന്ന സ്ഥലങ്ങളിലൂടെ സൈനികർ മാർച്ച് ചെയ്യുമ്പോഴായിരിക്കും പ്രശ്നം. നടന്നു പോകുന്നതിനിടെ എന്താണു സംഭവിക്കുന്നതെന്നറിയില്ല. എന്നാൽ വൈകാതെ പലരിലും ലക്ഷണങ്ങൾ പ്രകടമാകും. മസ്റ്റാർഡ് ഗ്യാസ് നിറഞ്ഞ വസ്ത്രങ്ങളുമായി മറ്റു ക്യാംപുകളിലേക്കു പോകുമ്പോൾ അവിടെയും ഇതിന്റെ സാന്നിധ്യമെത്തിക്കുകയായിരുന്നു അറിയാതെയാണെങ്കിലും സൈനികർ ചെയ്തത്. 

സമാധാനത്തിനു വേണ്ടി...

1918ൽ യുഎസും യുദ്ധത്തിനെത്തിയതോടെ വിഷവാതകപ്രയോഗം പിന്നെയും ഏറി. ആൾനാശം മാത്രമായിരുന്നു മസ്റ്റാർഡ് ഗ്യാസിന്റെ ലക്ഷ്യം. ഒരു രാജ്യത്തെയും, തന്ത്രപ്രധാനമായ ഒരു മുന്നേറ്റത്തിലേക്കും ഈ രാസവസ്തുവിന്റെ പ്രയോഗം കാര്യമായി നയിച്ചുമില്ല. യുദ്ധത്തിലാകെ 1.25 ലക്ഷം ടണ്ണോളം രാസ വിഷവസ്തുക്കളാണു പ്രയോഗിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട്, വിഷവാതകങ്ങളെ പ്രതിരോധിക്കാനുള്ള കവചങ്ങൾ പല രാജ്യങ്ങളും വിജയകരമായി നിർമിച്ചെടുത്തു. എന്നിട്ടും 1930കളിൽ ഇറ്റലി എത്യോപ്യയ്ക്കെതിരെയും ജപ്പാൻ ചൈനയ്ക്കെതിരെയും രാസായുധങ്ങൾ പ്രയോഗിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇവയുടെ ഭീഷണി കാര്യമായുണ്ടായില്ല. പക്ഷേ ഹിറ്റ്‌ലറുടെ കോൺസൺട്രേഷൻ ക്യാംപുകളിൽ സാധാരണക്കാരെ കൊന്നൊടുക്കാൻ പല വിഷവാതകങ്ങളും വ്യാപകമായി ഉപയോഗിച്ചു. പല രാസായുധങ്ങളും ജര്‍മനി പരീക്ഷിച്ചു നോക്കിയതും യുദ്ധത്തടവുകാരിലായിരുന്നു. 

Chemical Weapon WWI Blindness
1925ൽ ജനീവ പ്രോട്ടോക്കോൾ പ്രകാരം യുദ്ധഭൂമിയിൽ രാസായുധങ്ങളുടെ പ്രയോഗം നിരോധിക്കപ്പെട്ടു. എന്നാൽ ഇത്തരം വിഷവസ്തുക്കൾ സംഭരിക്കുന്നത് അപ്പോഴും തടയാനായില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1980-88ലെ ഇറാൻ–ഇറാഖ് യുദ്ധത്തിൽ ഉൾപ്പെടെ രാസായുധ പ്രയോഗമുണ്ടായി. തുടർന്ന് 1993ൽ ഇതു സംബന്ധിച്ച ഗൗരവതരമായ കരാർ വിവിധ രാജ്യങ്ങൾ ഒപ്പിടുകയായിരുന്നു. വിവിധ രാസായുധങ്ങളുടെ നിർമാണവും സംഭരണവും പ്രയോഗവും തടയുന്നതായിരുന്നു ഇത്.

1997ലെ കെമിക്കൽ വെപ്പൺസ് കൺവൻഷൻ പ്രകാരം കരാർ നിലവിൽ വന്നു. ഇന്ന് 128 രാജ്യങ്ങൾ കരാർ അനുസരിച്ചു പ്രവർത്തിക്കുന്നുണ്ട്. എങ്കിലും മാരകരാസവസ്തുവായ സരിൻ  അടുത്തിടെ സിറിയയിൽ പ്രയോഗിച്ചതു വാർത്തയായിരുന്നു. 1997ലെ കൺവൻഷനിൽ രൂപീകരിക്കപ്പെട്ട ദി ഓർഗനൈസേഷൻ ഫോർ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിനാണ് ഇന്ന് രാജ്യാന്തര തലത്തിൽ രാസായുധങ്ങളെ പ്രതിരോധിക്കാനുള്ള ചുമതല. വിവിധ രാജ്യങ്ങളിൽ രാസായുധം സംബന്ധിച്ചുള്ള പരാതികൾ പരിശോധിച്ചു തീരുമാനമെടുക്കുന്നത് ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയാണ്.

No comments:

Post a Comment

Search This Blog