Tuesday 13 November 2018

ചൈനയുടെ ‘ മാലയ്ക്ക് ‘ ഇന്ത്യയുടെ ചെക്ക് ; എട്ടു രാജ്യങ്ങളുമായി കൈകോർത്ത് പ്രതിരോധം



ചൈനയുടെ ‘ മാലയ്ക്ക് ‘ ഇന്ത്യയുടെ ചെക്ക് ; എട്ടു രാജ്യങ്ങളുമായി കൈകോർത്ത് പ്രതിരോധം


ന്യൂഡൽഹി ; ഇന്ത്യയെ വളയാൻ ശ്രമിച്ച ചൈനയ്ക്ക് അതേ നാണയത്തിലല്ല,അതിലും വലിപ്പമുള്ള നാണയം നൽകിയാണ് ഇന്ത്യ മറുപടി നൽകുന്നത്.ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയെ വളയാൻ ‘ സ്ട്രിംഗ് ഓഫ് പേൾസ് ‘ എന്ന പദ്ധതി തയ്യാറാക്കിയ ചൈനയ്ക്ക് മറുപടിയായി ഇന്ത്യ ‘ ഡയമണ്ട് നെക്ലേസ് ‘ എന്ന രീതിയിലാണ് പ്രതിരോധം തീർത്തിരിക്കുന്നത്.
സീഷെൽസ്,ഒമാൻ,ഇന്തോനേഷ്യ,സിംഗപ്പൂർ,വിയറ്റ്നാം,ജപ്പാൻ,മംഗോളിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ .
ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് നേരത്തെ തന്നെ ഫ്രാൻസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.16 രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സംഘടിപ്പിക്കുന്ന മിലൻ എന്ന നാവികാഭ്യാസത്തെ വിമർശിക്കുന്ന ചൈനീസ് റിപ്പോർട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ തീർക്കുന്ന പ്രതിരോധം ചൈനയിൽ ആശങ്ക പരത്തുകയാണെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്.
ഫ്രാൻസിൽ ബെർത്തിംഗ് സൗകര്യം നൽകണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യത്തോട് ഫ്രാൻസ് പച്ചക്കൊടി കാട്ടിയത് സംശയകരമായി വീക്ഷിക്കപ്പെടേണ്ടതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഫ്രാന്‍സിന്റെ അധീനതയിലുള്ള നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും നങ്കൂരമിടാനും, ഇന്ധനം നിറയ്ക്കാനും സാധിക്കുന്നതും,തിരിച്ച് ഫ്രഞ്ച് പടക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക താവളങ്ങളും തുറന്നുനല്‍കുന്നതുമായ കരാറിനാണ് ഇക്കഴിഞ്ഞ മാർച്ചിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും,മോദിയുമായി ഒപ്പ് വച്ചത്.
ഇതു കൂടാതെയാണ് ഇപ്പോൾ ഒമാൻ അടക്കമുള്ള രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നത്.സിംഗപ്പൂർ,ഇന്തോനേഷ്യ,ഒമാൻ എന്നീ രാജ്യങ്ങളിലെ നാവികസേനാ താവളങ്ങളിൽ പ്രവേശിക്കാനുള്ള അവകാശവും നിലവിൽ ഇന്ത്യയ്ക്കുണ്ട്. ഇതുവഴി മലാക്കാ കടലിടുക്കുവഴിയുള്ള ചൈനീസ് കപ്പലുകളുടെയും അന്തര്‍വാഹിനികലുടെയും സഞ്ചാരം ഇന്ത്യയ്ക്ക് നിരീക്ഷിക്കാന്‍ സാധിക്കും.
വിയറ്റ്നാമുമായുള്ള ഇന്ത്യയുടെ സഹകരണം തകർത്തത് ദക്ഷിണ ചൈന കടലിലെ ചൈനയുടെ അധീശത്വത്തെയാണ്.ഒമാനിലെ ദുഖാം വഴി ജിബൂട്ടിയിലെയും പാകിസ്ഥാനിലെ ഗദ്വാര്‍ തുറമുഖത്തിലെയും ചൈനീസ് നീക്കങ്ങള്‍ ഇന്ത്യയ്ക്ക് നിരീക്ഷിക്കാനാകും.
ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന മംഗോളിയയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല 2022ല്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ധന ആവശ്യത്തിന്റെ കാര്യത്തില്‍ ആ രാജ്യം സ്വയം പര്യാപ്തമാകും. ജിഡിപി 10 ശതമാനത്തോളം ഉയരുകയും ചെയ്യും.
ഇതോടെ മംഗോളിയ ചൈനയിലെക്കുള്ള ഒരു വഴി കൂടി ഇന്ത്യയ്ക്ക് മുന്നിൽ തുറന്ന് നൽകും.റഷ്യയ്ക്കും,ചൈനയ്ക്കുമിടയിൽ ഒറ്റപ്പെട്ട നിന്ന മംഗോളിയയെ ഇന്ത്യ സഹായിച്ചപ്പോൾ പലരും പരിഹസിച്ചെങ്കിലും,അതിനെ സംശയത്തോടെയാണ് തങ്ങൾ നിരീക്ഷിക്കുന്നതെന്നായിരുന്നു ചൈനയുടെ നിലപാട്.
സീഷെല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ നാവിക താവളം പണിയാനുള്ള ഇന്ത്യയുടെ നീക്കത്തിനെ ചൈന എതിർത്തെങ്കിലും ഇത് വകവയ്ക്കാതെ മുന്നോട്ട് പോകുകയാണ് ഇന്ത്യ.
കടലിലും,കരയിലും അത്യാവശ്യഘട്ടങ്ങളിൽ കുന്നിൻ ചെരിവുകളിൽ പോലും പറന്നിറങ്ങുന്ന ജപ്പാന്റെ ആംഫിബിയസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേനയ്ക്കായി വാങ്ങുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കാനാണ്.
ഏഷ്യ-പസഫിക് മേഖലകളിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് താക്കീത് എന്ന നിലയ്ക്കാണ് ഇന്ത്യ ആംഫിബിയസ് വിമാനങ്ങൾ വാങ്ങുന്നത്.മാത്രമല്ല ഇതിലൂടെ ചൈനയ്ക്കെതിരായ നീക്കങ്ങളിൽ ജപ്പാന്റെ പിന്തുണ ഉറപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.ഏഷ്യ-പസഫിക് മേഖലയിൽ കൂടുതൽ സാന്നിധ്യമറിയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും.ദക്ഷിണ ചൈനാ കടലിലെ നിരീക്ഷണം ശക്തമാക്കാൻ ഈ വിമാനത്തിനു സാധിക്കും.

No comments:

Post a Comment

Search This Blog