Tuesday, 13 November 2018

ചൈനയുടെ ‘ മാലയ്ക്ക് ‘ ഇന്ത്യയുടെ ചെക്ക് ; എട്ടു രാജ്യങ്ങളുമായി കൈകോർത്ത് പ്രതിരോധം



ചൈനയുടെ ‘ മാലയ്ക്ക് ‘ ഇന്ത്യയുടെ ചെക്ക് ; എട്ടു രാജ്യങ്ങളുമായി കൈകോർത്ത് പ്രതിരോധം


ന്യൂഡൽഹി ; ഇന്ത്യയെ വളയാൻ ശ്രമിച്ച ചൈനയ്ക്ക് അതേ നാണയത്തിലല്ല,അതിലും വലിപ്പമുള്ള നാണയം നൽകിയാണ് ഇന്ത്യ മറുപടി നൽകുന്നത്.ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് ഇന്ത്യയെ വളയാൻ ‘ സ്ട്രിംഗ് ഓഫ് പേൾസ് ‘ എന്ന പദ്ധതി തയ്യാറാക്കിയ ചൈനയ്ക്ക് മറുപടിയായി ഇന്ത്യ ‘ ഡയമണ്ട് നെക്ലേസ് ‘ എന്ന രീതിയിലാണ് പ്രതിരോധം തീർത്തിരിക്കുന്നത്.
സീഷെൽസ്,ഒമാൻ,ഇന്തോനേഷ്യ,സിംഗപ്പൂർ,വിയറ്റ്നാം,ജപ്പാൻ,മംഗോളിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ .
ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് നേരത്തെ തന്നെ ഫ്രാൻസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.16 രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സംഘടിപ്പിക്കുന്ന മിലൻ എന്ന നാവികാഭ്യാസത്തെ വിമർശിക്കുന്ന ചൈനീസ് റിപ്പോർട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ തീർക്കുന്ന പ്രതിരോധം ചൈനയിൽ ആശങ്ക പരത്തുകയാണെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്.
ഫ്രാൻസിൽ ബെർത്തിംഗ് സൗകര്യം നൽകണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യത്തോട് ഫ്രാൻസ് പച്ചക്കൊടി കാട്ടിയത് സംശയകരമായി വീക്ഷിക്കപ്പെടേണ്ടതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഫ്രാന്‍സിന്റെ അധീനതയിലുള്ള നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും നങ്കൂരമിടാനും, ഇന്ധനം നിറയ്ക്കാനും സാധിക്കുന്നതും,തിരിച്ച് ഫ്രഞ്ച് പടക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക താവളങ്ങളും തുറന്നുനല്‍കുന്നതുമായ കരാറിനാണ് ഇക്കഴിഞ്ഞ മാർച്ചിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും,മോദിയുമായി ഒപ്പ് വച്ചത്.
ഇതു കൂടാതെയാണ് ഇപ്പോൾ ഒമാൻ അടക്കമുള്ള രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നത്.സിംഗപ്പൂർ,ഇന്തോനേഷ്യ,ഒമാൻ എന്നീ രാജ്യങ്ങളിലെ നാവികസേനാ താവളങ്ങളിൽ പ്രവേശിക്കാനുള്ള അവകാശവും നിലവിൽ ഇന്ത്യയ്ക്കുണ്ട്. ഇതുവഴി മലാക്കാ കടലിടുക്കുവഴിയുള്ള ചൈനീസ് കപ്പലുകളുടെയും അന്തര്‍വാഹിനികലുടെയും സഞ്ചാരം ഇന്ത്യയ്ക്ക് നിരീക്ഷിക്കാന്‍ സാധിക്കും.
വിയറ്റ്നാമുമായുള്ള ഇന്ത്യയുടെ സഹകരണം തകർത്തത് ദക്ഷിണ ചൈന കടലിലെ ചൈനയുടെ അധീശത്വത്തെയാണ്.ഒമാനിലെ ദുഖാം വഴി ജിബൂട്ടിയിലെയും പാകിസ്ഥാനിലെ ഗദ്വാര്‍ തുറമുഖത്തിലെയും ചൈനീസ് നീക്കങ്ങള്‍ ഇന്ത്യയ്ക്ക് നിരീക്ഷിക്കാനാകും.
ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന മംഗോളിയയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല 2022ല്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ധന ആവശ്യത്തിന്റെ കാര്യത്തില്‍ ആ രാജ്യം സ്വയം പര്യാപ്തമാകും. ജിഡിപി 10 ശതമാനത്തോളം ഉയരുകയും ചെയ്യും.
ഇതോടെ മംഗോളിയ ചൈനയിലെക്കുള്ള ഒരു വഴി കൂടി ഇന്ത്യയ്ക്ക് മുന്നിൽ തുറന്ന് നൽകും.റഷ്യയ്ക്കും,ചൈനയ്ക്കുമിടയിൽ ഒറ്റപ്പെട്ട നിന്ന മംഗോളിയയെ ഇന്ത്യ സഹായിച്ചപ്പോൾ പലരും പരിഹസിച്ചെങ്കിലും,അതിനെ സംശയത്തോടെയാണ് തങ്ങൾ നിരീക്ഷിക്കുന്നതെന്നായിരുന്നു ചൈനയുടെ നിലപാട്.
സീഷെല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ നാവിക താവളം പണിയാനുള്ള ഇന്ത്യയുടെ നീക്കത്തിനെ ചൈന എതിർത്തെങ്കിലും ഇത് വകവയ്ക്കാതെ മുന്നോട്ട് പോകുകയാണ് ഇന്ത്യ.
കടലിലും,കരയിലും അത്യാവശ്യഘട്ടങ്ങളിൽ കുന്നിൻ ചെരിവുകളിൽ പോലും പറന്നിറങ്ങുന്ന ജപ്പാന്റെ ആംഫിബിയസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേനയ്ക്കായി വാങ്ങുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കാനാണ്.
ഏഷ്യ-പസഫിക് മേഖലകളിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് താക്കീത് എന്ന നിലയ്ക്കാണ് ഇന്ത്യ ആംഫിബിയസ് വിമാനങ്ങൾ വാങ്ങുന്നത്.മാത്രമല്ല ഇതിലൂടെ ചൈനയ്ക്കെതിരായ നീക്കങ്ങളിൽ ജപ്പാന്റെ പിന്തുണ ഉറപ്പിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.ഏഷ്യ-പസഫിക് മേഖലയിൽ കൂടുതൽ സാന്നിധ്യമറിയിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും.ദക്ഷിണ ചൈനാ കടലിലെ നിരീക്ഷണം ശക്തമാക്കാൻ ഈ വിമാനത്തിനു സാധിക്കും.

ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍



ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍

Courtesy: Mediaonetv. in



പാകിസ്താന്‍, ശ്രീലങ്ക, മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തുറമുഖ നിര്‍മ്മാണങ്ങളില്‍ മാത്രമായി ചൈനീസ് കടന്നുകയറ്റങ്ങള്‍ അവസാനിക്കുന്നില്ല...
ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍

മ്യാന്മറില്‍ തുറമുഖം നിര്‍മ്മിക്കാനുള്ള കരാറില്‍ ചൈനയും മ്യാന്മറും ഒപ്പുവെച്ചുകഴിഞ്ഞു. പാകിസ്താനും ശ്രീലങ്കക്കും ബംഗ്ലാദേശിനും പിന്നാലെയാണ് ചൈന മ്യാന്മറിലും തുറമുഖം പണിയുന്നത്. ഇന്ത്യയെ ചുറ്റിയുള്ള ഈ 'പവിഴമാല' പദ്ധതി തന്ത്രപ്രധാന മുന്‍തൂക്കമാണ് മേഖലയില്‍ ചൈനക്ക് നല്‍കുന്നത്.
ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള CITIC ഗ്രൂപ്പാണ് മ്യാന്മറിലെ ക്യാകു പൈഹുവില്‍ തുറമുഖം നിര്‍മ്മിക്കുന്നത്. ക്യാകു പൈഹു സ്‌പെഷല്‍ ഇക്കൊണോമിക്‌സ് സോണ്‍(SEZ) ഡീപ് സീ പോര്‍ട്ട് പ്രൊജക്ട് എന്നാണ് ഈ തുറമുഖ നിര്‍മ്മാണ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും വരെ ഈ തുറമുഖത്തിന്റെ പേരില്‍ ചൈനീസ് അധികൃതര്‍ക്ക് പ്രവേശനം ലഭിക്കും.
ഒരിക്കലും തിരിച്ചടക്കാന്‍ കഴിയാത്ത ഇത്തരം ചൈനീസ് നിക്ഷേപങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ പാകിസ്താനിലും ശ്രീലങ്കയിലും പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം നടത്തിയിരുന്നു 
വിശാഖപ്പട്ടണത്തിനടുത്ത് ഇന്ത്യ നിര്‍മ്മിക്കുന്ന മുങ്ങിക്കപ്പല്‍ കേന്ദ്രത്തിനോട് പരമാവധി അടുത്ത കേന്ദ്രവും ഇതോടെ ചൈനക്ക് ലഭിക്കും. ഇന്ത്യ ആദ്യ ആണവ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് അരിഹന്ത് നിര്‍മ്മിക്കുന്നത് വിശാഖപ്പട്ടണത്തെ നാവികാസ്ഥാനത്താണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ചൈനയുടെ കുപ്രസിദ്ധമായ 'പവിഴമാല' പദ്ധതി 2005ലാണ് രൂപംകൊള്ളുന്നത്.
എന്തുകൊണ്ട് പേടിക്കണം?
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മ്യാന്മറും ചൈനയും തമ്മില്‍ തുറമുഖ നിര്‍മ്മാണ കരാറില്‍ ഒപ്പുവെക്കുന്നത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ മെച്ചപ്പെടുമെന്നായിരുന്നു മ്യാന്മറിലെ ചൈനീസ് അംബാസിഡറുടെ പ്രതികരണം.


ചൈനയുടെ ‘പവിഴമാല’ ഇന്ത്യക്ക് കുരുക്കാവുമ്പോള്‍
ചൈനീസ് പവിഴമാല പദ്ധതി
പാകിസ്താനിലെ ഗ്വാദറിലും ശ്രീലങ്കയിലെ ഹംബന്‍ടോട്ടയിലും ചൈന നേരത്തെ തന്നെ തുറമുഖ നിര്‍മ്മാണത്തിന്റെ പേരില്‍ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങില്‍ ചൈനീസ് സഹായത്തോടെ തുറമുഖം വരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ മ്യാന്മറില്‍ 1.3 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ തുറമുഖം ചൈനീസ് സഹായത്തില്‍ വരുന്നു. പദ്ധതിയുടെ 70 ശതമാനം ചൈനയും 30 ശതമാനം മ്യാന്മറുമാണ് മുടക്കുകയെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കരമാര്‍ഗ്ഗം എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലയില്‍ മറ്റു രാജ്യങ്ങളെ സഹായത്തോടെ സാന്നിധ്യമുറപ്പിക്കുകയാണ് ചൈനീസ് പദ്ധതി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇത്തരം നീക്കം ചൈന നടത്തുമ്പോള്‍ ഫലത്തില്‍ അത് ഇന്ത്യയെ ചുറ്റിവരിയുന്ന പദ്ധതിയായി മാറുന്നു. പ്രതിരോധപരമായി തന്ത്രപ്രധാന മേഖലകളിലാണ് ചൈന ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.
കടം കൊടുത്ത് തനിക്കാക്കുക
തിരിച്ചടക്കാന്‍ കഴിയാത്തത്ര തോതില്‍ പണം കടം കൊടുത്ത് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തന്ത്രമാണ് പലപ്പോഴും ചൈന പയറ്റുന്നത്. മ്യാന്മറിലെ തുറമുഖ പദ്ധതിക്കു തന്നെ 85 ശതമാനം മുതലും മുടക്കാന്‍ ചൈന സന്നദ്ധമായിരുന്നു. എന്നാല്‍ മ്യാന്മര്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ചൈനീസ് നിക്ഷേപം 70 ശതമാനത്തിലേക്ക് കുറച്ചത്. എങ്കിലും ആളോഹരി വരുമാനത്തില്‍ 150ആം സ്ഥാനത്തുള്ള മ്യാന്മറിന് എളുപ്പത്തില്‍ തിരിച്ചടക്കാന്‍ കഴിയുന്ന സംഖ്യയല്ല അത്.
പ്രതിരോധപരമായി തന്ത്രപ്രധാന മേഖലകളിലാണ് ചൈന ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.
പാകിസ്താന്‍, ശ്രീലങ്ക, മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തുറമുഖ നിര്‍മ്മാണങ്ങളില്‍ മാത്രമായി ചൈനീസ് കടന്നുകയറ്റങ്ങള്‍ അവസാനിക്കുന്നില്ല. ജിബൗട്ടിയില്‍ സൈനികതാവളം നിര്‍മ്മിച്ചതും, മാലദ്വീപിലേയും നേപ്പാളിലേയും അടിസ്ഥാന സൗകര്യ വികസനത്തിന്റേ പേരില്‍ നടത്തിയ നിക്ഷേപങ്ങളും അഫ്ഗാനിസ്ഥാനിലെ സൈനിക കേന്ദ്രവുമെല്ലാം മേഖലയിലെ ചൈനയുടെ അധീശത്വം വര്‍ധിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ട്.
പാകിസ്താനില്‍ മാത്രം 5500 കോടി ഡോളറാണ് ചൈന കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നിക്ഷേപിച്ചത്. വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ പേരില്‍ 800 കോടി ഡോളറിന്റെ നിക്ഷേപം നേപ്പാളിലും നടത്തി. ശ്രീലങ്കയ്ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ 800 കോടി ഡോളര്‍ നല്‍കി. ഒരിക്കലും തിരിച്ചടക്കാന്‍ കഴിയാത്ത ഇത്തരം നിക്ഷേപങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍ പാകിസ്താനിലും ശ്രീലങ്കയിലും പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തു. മാലിദ്വീപും കടം നല്‍കി തനിക്കാക്കുന്ന ചൈനീസ് നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. മേഖലയില്‍ ചൈന പലവിധ തന്ത്രങ്ങളില്‍ പിടി മുറുക്കുമ്പോള്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നത് ഇന്ത്യക്കുമേല്‍ കൂടിയാണ്.

Monday, 12 November 2018

കാലം നീതി നടപ്പാക്കി, ഇണ്ടംതുരുത്തി മനയിലൂടെ

കാലം നീതി നടപ്പാക്കി, ഇണ്ടംതുരുത്തി മനയിലൂടെ


Courtesy: K.S Shyju Desabhimani


അവർണരെ പടിക്കുപുറത്ത‌് നിർത്തിയ വൈക്കത്തെ ഇണ്ടംതുരുത്തി മന അയിത്തം പടിയിറങ്ങിയതിന്റെ ഓർമപുതുക്കൽ തിരക്കിലാണ്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയ ഗാന്ധിജിക്കുപോലും പ്രവേശനം നിഷേധിച്ച സവർണമേധാവിത്തത്തിന്റെ അവസ്ഥാന്തരങ്ങളുടെ പ്രതീകമാണ് ഇന്നും ഈ മന. പുലയനും പറയനും തീയ്യനും അടക്കമുള്ളവരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന മന പിൽക്കാലത്ത് അവശജന വിഭാഗങ്ങൾക്കുവേണ്ടി പോരാടിയ പ്രസ്ഥാനത്തിന്റെ ഭാഗമായത് ചരിത്രത്തിന്റെ മനോഹര ദൃശ്യങ്ങളിലൊന്ന‌്.
വൈക്കത്ത് ക്ഷേത്രവഴി നടക്കാനും തീണ്ടൽ ദുരാചാരം എടുത്തുകളയാനുമുള്ള പോരാട്ടത്തിനെതിരെ സവർണചേരിയുടെ നെടുനായകത്വം വഹിച്ചത് വടക്കുംകൂർ രാജകുടുംബത്തിന്റെ മൂലസ്ഥാനമായിരുന്ന ഇണ്ടംതുരുത്തി മനയിലെ കാരണവരായ നീലകണ്ഠൻ നമ്പ്യാതിരിയായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ  ഊരാണ്മയും 48 ബ്രാഹ്മണകുടുംബങ്ങളുടെയും അധിപന്മാരും നാടുവാഴിയുമായിരുന്നു നമ്പ്യാതിരി. അദ്ദേഹം കൽപിക്കുന്നതായിരുന്നു അന്നത്തെ വേദവാക്യം.
വൈക്കം സത്യഗ്രഹം കരുത്താർജിച്ച കാലം. 1925 മാർച്ച് ഒമ്പതിനാണ് സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി വൈക്കത്തെത്തുന്നത്. പ്രക്ഷോഭകരുടെ ആവശ്യങ്ങൾ നമ്പ്യാതിരിയുമായി ചർച്ച ചെയ്ത് പ്രക്ഷോഭം അവസാനിപ്പിക്കുകയായിരുന്നു ആഗമനോദ്ദേശ്യം. കൂടിക്കാഴ്ചയുടെ കാര്യം അറിയിച്ചപ്പോൾ, ഗാന്ധിജി വേണമെങ്കിൽ മനയിലേയ്ക്ക് വരട്ടെയെന്ന നിലപാടായിരുന്നു നമ്പ്യാതിരിക്ക‌്. ഗാന്ധിജി മനയലെത്തി. അബ്രാഹ്മണനായതിനാൽ മനയിൽ കയറാൻ പാടില്ലെന്നായി നമ്പ്യാതിരി. പകരം വെളിയിലെ പന്തലിൽ ഇരിക്കാനായിരുന്നു അനുവാദം. ഗാന്ധിജിയും കൂടെയുള്ളവരും പന്തലിൽ ഇരുന്നു. നമ്പ്യാതിരി മനയ‌്ക്കകത്തും. തീണ്ടാപ്പാടകലെ ചർച്ച ആരംഭിച്ചു. ആവശ്യങ്ങൾ ഗാന്ധിജി അറിയച്ചെങ്കിലും  കീഴാളനാവുകയെന്നത് കർമഫലമെന്നായിരുന്നു മറുപടി. നമ്പ്യാതിരിയുടെ മർക്കടമുഷ്‌ടിയിൽ നിരാശനായി ഗാന്ധിജി മടങ്ങി.
ഗാന്ധിജി അവർണരുമായി സമ്പർക്കം പുലർത്തിയിരുന്നതിനാൽ, അദ്ദേഹം മടങ്ങിയ ഉടനെ പന്തലിലും പരിസരത്തും ശുദ്ധികലശവും നടത്തി.
1925 നവംബർ 21 നാണ് വൈക്കം സത്യഗ്രഹം പിൻവലിച്ചത്. തുടർന്ന് 11 വർഷത്തിനുശേഷം 1936 നവംബർ 12 നാണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. കാലങ്ങൾ പിന്നിട്ടു. കേരളത്തിൽ ഭൂപരിഷ്കരണനിയമം നടപ്പായി. ജന്മിമാർ കൈയടക്കിയ ഭൂമി  അവകാശികൾക്ക‌് കൈമാറേണ്ടി വന്നു. സമ്പത്ത്‌ നഷ്ടപ്പെടലും ഉൾപ്പോരുകളും ഇണ്ടംതുരുത്തി മനയെയും ഉലച്ചു. 1960 കളിലാണ് മനയുടെ ചരിത്രം മാറിമറിഞ്ഞത്.
നമ്പ്യാതിരിയുടെ പിൻതലമുറയിൽപ്പെട്ട യുവതിയുടെ വിവാഹത്തിനു പണമില്ലാതെ മനയിലുള്ളവർ വലഞ്ഞു. പണം കണ്ടെത്താൻ  മന വിൽക്കാതെ വഴിയില്ലെന്നായി. പലരും വില പറഞ്ഞു. ഒടുവിൽ ചരിത്രനിയോഗം പോലെ വൈക്കത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാർടി നേതാവ് സി കെ വിശ്വനാഥൻ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു വേണ്ടി വിലപറഞ്ഞു. മുന്നിൽ വന്നു നിന്ന് നോക്കാൻ പോലും  അവകാശമില്ലാതിരുന്ന ഇണ്ടംതുരുത്തി മന അങ്ങനെ അവർണവിഭാഗങ്ങൾക്ക്‌  അവകാശം സ്ഥാപിച്ച് ചരിത്രം തിരുത്തിയെഴുതി. 1963 ലാണ് ഇണ്ടംതുരുത്തി മന വൈക്കത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായത്. അന്ന് മനയുടെ മുകളിൽ ചെങ്കൊടിയും ഉയർന്നു. 2009ൽ പഴമ നഷ്ടപ്പെടാതെ മന പുതുക്കി പണിതു.
സവർണമേധാവിത്വത്തിന്റെ പ്രതീകമായിരുന്ന ഈ മന വാങ്ങാൻ മുൻകൈയെടുത്ത സി കെ വിശ്വനാഥൻ അടക്കമുള്ള നേതാക്കൾ

താലിബാൻ : അമേരിക്കയെ വരെ പേടിപ്പിച്ച അഫ്ഗാൻ ഭീകര സംഘടന…


താലിബാൻ : അമേരിക്കയെ വരെ പേടിപ്പിച്ച അഫ്ഗാൻ ഭീകര സംഘടന…

Courtesy: Aanavandi Travel Blog

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ. അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ പുനരേകീകരിക്കപ്പെട്ട താലിബാൻ, അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു.

താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്. ഇതിനു പുറമേ തൊട്ടടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉസ്ബെക്കുകൾ, താജിക്കുകൾ, ചെച്ചെനുകൾ, അറബികൾ, പഞ്ചാബികൾ തൂടങ്ങിയവരും താലിബാനിലുണ്ട്. പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്ന താലിബാൻ, പ്രധാനമായും ഡ്യൂറന്റ് രേഖ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താലിബാന്റെ ആസ്ഥാനം പാകിസ്റ്റാനിലെ ക്വെത്ത പ്രദേശത്താണെന്നാണ് അമേരിക്ക കരുതുന്നത്. പാകിസ്താനും ഇറാനും താലിബാന് സഹായം നൽകുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുന്നു.

ഒളിവിൽ കഴിയുന്ന മുല്ല മുഹമ്മദ് ഒമർ ആണ് താലിബാന് നേതൃത്വം നൽകുന്നത്. ഒമറിന്റെ ആദ്യകാല സൈന്യാധിപർ, ചെറുകിട സൈന്യത്തലവന്മാരും മദ്രസ അദ്ധ്യാപകരും അടങ്ങിയതായിരുന്നു. പോരാളികളാകട്ടെ, പാകിസ്താനിലെ മതപാഠശാലകളിലെ വിദ്യാർത്ഥികളായ അഫ്ഗാൻ അഭയാർത്ഥികളായിരുന്നു. പാകിസ്താൻ സർക്കാറിൽ നിന്നും പ്രത്യേകിച്ച് പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിൽ നിന്നും താലിബാന് പരീശീലനവും പണവും മറ്റു സഹായങ്ങളും ലഭിച്ചിരുന്നു. പാകിസ്താനിലെ പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത് ഉലമയി ഇസ്ലാം (ജെ.യു.ഐ.) ആണ് താലിബാൻ അംഗങ്ങൾക്കായുള്ള മതപാഠശാലകൾ‌ നടത്തിയിരുന്നത്.

ഏതാണ്ട് അഞ്ചുവർഷത്തോളം അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളും രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരുന്ന താലിബാൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്. ഇക്കാലത്ത് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ മൂന്നു രാജ്യങ്ങൾ‌ മാത്രമേ താലിബാന്റെ സർക്കാരിനെ അംഗീകരിച്ചിരുന്നുള്ളൂ. അഫ്ഗാനിസ്താനിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും പാകിസ്താനിലെ അതിർത്തിപ്രദേശങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ഇപ്പോഴും താലിബാന് സാധിക്കുന്നുണ്ട്.

വിദ്യാർത്ഥി എന്നർത്ഥമുള്ള താലിബ് എന്ന അറബി വാക്കിൽ നിന്നാണ് താലിബാൻ എന്ന പദമുരുത്തിരിഞ്ഞത്. താലിബാൻ അംഗങ്ങളിൽപ്പലരും, പാക്-അഫ്ഗാൻ അതിർത്തിയിലെ സ്വകാര്യമതപഠനകേന്ദ്രങ്ങളിൽ വിദ്യാഭ്യാസം ചെയ്തവരായിരുന്നു. 1979-ലെ സോവിയറ്റ് അധിനിവേശത്തിനു ശേഷം, അഫ്ഗാനിസ്താനിൽ നിന്നും പാകിസ്താനിലേക്ക് കടന്ന അഭയാർത്ഥികൾക്കായി, ഇത്തരം നിരവധി മതപഠനശാലകൾ തുറന്നിരുന്നു. ഈ വിദ്യാലയങ്ങളിൽ പാഠ്യപദ്ധതി തികച്ചും പരമ്പരാഗതവും ഇസ്ലാമികമൗലികവാദത്തിൽ അടിസ്ഥിതവുമായിരുന്നു. 1979-ൽ യുദ്ധം തുടങ്ങിയതൊടെ, അഫ്ഗാനിസ്താനിൽ നിന്നുള്ള പഷ്തൂണുകൾക്കു പുറമേ, പാകിസ്താനിൽ നിന്നുള്ള പഷ്തൂണുകളും ആയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ പാഠശാലകളിൽ പഠിക്കാനാരംഭിച്ചു. പാകിസ്താനിൽ, മൗലാന ഫസലൂർ റഹ്മാൻ നയിച്ചിരുന്ന പ്രസ്ഥാനമായിരുന്ന ജാമിയ്യത്ത്-ഇ ഉലമാ-ഇ ഇസ്ലാം, ഈ പാഠശാലകളെ സ്വാധീനിച്ചിരുന്നു.

അഫ്ഗാനിസ്താനിലെ പടയോട്ടങ്ങൾ‌ : അഫ്ഗാനിസ്താനിൽ മുജാഹിദീൻ സർക്കാരിന്റെ ഭരണകാലത്ത്, 1994 മദ്ധ്യത്തോടെ മുല്ല മുഹമ്മദ് ഒമറിന്റെ കീഴിലുള്ള ഒരു ചെറിയ സംഘമായാണ് താലിബാന്റെ ആരംഭം. ഒരു ഘൽജി പഷ്തൂൺ ആയിരുന്ന ഒമർ സോവിയറ്റ് യുദ്ധകാലത്ത് വിവിധ പ്രതിരോധകക്ഷികൾക്കൊപ്പം സൈന്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 1994 സെപ്റ്റംബർ/ഒക്ടോബർ സമയത്ത്, ഗുൾബുദ്ദീൻ ഹെക്മത്യാറിന്റെ ഹിസ്ബ്-ഇ ഇസ്ലാമിയുടെ നിയന്ത്രണത്തിലായിരുന്ന സ്പിൻ ബാൾഡാക്കിലെ (Spin Baldak) ഒരു അതിർത്തികേന്ദ്രം (ബോർഡർ പോസ്റ്റ്) കൈയടക്കുന്നതോടെയാണ് താലിബാൻ ആദ്യമായി ജനശ്രദ്ധയിൽ വരുന്നത്. ഏതാണ്ട് ഇതേ സമയത്തുതന്നെ, തോബ അച്ചാക്സായ്-ലുള്ള ഹെക്മത്യാറീന്റെ ഒരു ആയുധകേന്ദ്രവും താലിബാൻ പിടിച്ചെടുത്തു. 1994 നവംബറിൽ ഒരു പാകിസ്താൻ പ്രതിനിധിസംഘത്തെ താലിബാൻ ബന്ധിയാക്കി കൂടുതൽ ശ്രദ്ധയാകർഷിച്ചു.

1994 നവംബർ 5-ന്, താലിബാൻ, കന്ദഹാറിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അക്കാലത്ത് കാബൂളിൽ ഭരണത്തിലിരുന്ന പ്രൊഫസർ റബ്ബാനിയുടെ നേരിയ നിയന്ത്രണം മാത്രമുണ്ടായിരുന്ന കന്ദഹാറിലെ മുല്ല നഖ്വിബ് അഖുന്ദ്സാദേയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യം, യുദ്ധം ചെയ്യാതെ തന്നെ താലിബാനു മുൻപിൽ ആയുധം വച്ച് കീഴടങ്ങി. കന്ദഹാറിന് ചുറ്റുപാടുമുള്ള മറ്റു നേതാക്കളും ഇതേ രീതിയിൽ താലിബാനു മുൻപാകെ കീഴടങ്ങി. ഇതിനെത്തുടർന്ന് പാകിസ്താന്റെയും അമേരിക്കയുടേയും ഉദ്യോഗസ്ഥർ, കന്ദഹാർ സന്ദർശിച്ച് താലിബാനുമായി ബന്ധം പുലർത്താനാരംഭിച്ചു. പാകിസ്താനിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന ജോൺ മോൺജോയും കന്ദഹാർ സന്ദർശിച്ചിരുന്നു.

1994 നവംബറിൽത്തന്നെ, കന്ദഹാറിനു വടക്കും, വടക്കുകിഴക്കുമായുള്ള ഉറൂസ്ഗാൻ, സാബൂൾ പ്രവിശ്യകൾ, താലിബാന്റെ നിയന്ത്രണത്തിലായി. പ്രതിരോധകക്ഷികളുടെ സൈനികനേതാക്കൾക്കെതിരെ പൊതുവേ ജനങ്ങൾക്കുണ്ടായിരുന്ന വികാരം, താലിബാന് മുതലെടുക്കാൻ സാധിച്ചു എന്നതിന് പുറമേ, തങ്ങളുടെ എതിരാളികളെ, പണം കൊടുത്തും താലിബാൻ തങ്ങളുടെ പക്ഷത്തേക്ക് വരുത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പടിഞ്ഞാറ്‌ ദുറാനി അലിസായ് വംശത്തിലെ, ഗഫ്ഫാർ അഖുന്ദ്സാദേയുടെ നേതൃത്വത്തിലുള്ള എതിർപ്പുകൾ 1995 ജനുവരി മദ്ധ്യത്തോടെ താലിബാൻ അടിച്ചമർത്തി. ഇതിനു ശേഷം താലിബാൻ ഗസ്നിയിലേക്ക് നീങ്ങി. ഹെക്മത്യാറുടെ സേനയിൽ നിന്ന് ആക്രമണം നേരിട്ടതോടെ, ഗസ്നിയിലെ തദ്ദേശീയസൈനികനേതാവായിരുന്ന താജ് മുഹമ്മ്ദ്, താലിബാനോടൊപ്പം ചേർന്നു. ഹിസ്ബ് ഇ ഇസ്ലാമിയുടെ വീണ്ടുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് റബ്ബാനിയുടേയും നബി മുഹമ്മദിയുടേയും സൈന്യങ്ങളും താലിബാനോടൊപ്പം ചേർന്നിരുന്നു.

ഗസ്നിയിൽ നിന്നും പിൻവാങ്ങിയ ഹെക്മത്യാറിന്റെ സേനയെ 1995 ഫെബ്രുവരിയിൽ കാബൂളിൽ നിന്നും, തുടർന്ന് കാബൂളിന് 25 കിലോമീറ്റർ തെക്കുള്ള അവരുടെ ആസ്ഥാനമായിരുന്ന ചാരാസ്യാബിൽ നിന്നും താലിബാൻ തുരത്തി. കാബൂളിന് കിഴക്കുള്ള സരോബി-യിലേക്ക് ഹെക്മത്യാർ പലായനം ചെയ്തു. ഇതുമൂലം, കാബൂളിലെ റബ്ബാനിയുടെയും മുജാഹിദീൻ സർക്കാരിന്റേയും സ്ഥാനം താൽക്കാലികമായി ശക്തിപ്പെട്ടു. ഹെക്മത്യാറിനെ പരാജയപ്പെടുത്തിയതിനെത്തുടർന്ന് തുടർന്ന് ഹസാരകളും, ഇസ്മാഈലികളും ഉസ്ബെക്കുകളും താലിബാനുമായി ചേർന്ന് റബ്ബാനിയുടെ സൈന്യത്തിനെതിരെ പൊരുതാനും കാബൂൾ നിയന്ത്രണത്തിലാക്കാനുമാരംഭിച്ചു.

1995 മാർച്ച് 19-ന് താലിബാൻ ആദ്യത്തെ പരാജയം രുചിച്ചു. ഈ ദിവസം, റബ്ബാനിയുടെ സൈനികനേതാവായിരുന്ന അഹ്മദ് ഷാ മസൂദ്, ചാരസ്യാബ് പിടിക്കുകയും, കാബൂളിന്റേയും പരിസരപ്രദേശങ്ങളുടേയും നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ താലിബാന്റെ സഖ്യം പിളർന്നു.

തെക്കൻ കാബൂളിൽ നിന്നു പിൻ‌വാങ്ങേണ്ടിവന്നതോടെ ഹെറാത്ത് ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറുദിശയിലേക്ക് താലിബാൻ നീങ്ങാൻ തുടങ്ങി. ഇതേ സമയം, ഹെറാത്തിലെ ഇസ്മാഈൽ ഖാൻ, കന്ദഹാറിലേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. 1995 ഓഗസ്റ്റ് പകുതിയോടെ, ഇദ്ദേഹം കന്ദഹാറിന് സമീപത്തെത്തുകയും ചെയ്തു. തിരിച്ചടിച്ച താലിബാൻ, ഷിൻഡൻഡീലെ (Shindand) വ്യോമകേന്ദ്രം, സെപ്റ്റംബർ 3-നും, ഹെറാത്ത് സെപ്റ്റംബർ 5-നും പിടീച്ചടക്കി. ഇസ്മാഈൽ ഖാൻ ഇറാനിലേക്ക് പലായനം ചെയ്തു. ഇതോടെ താലിബാന് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് റബ്ബാനി പരസ്യമായി ആരോപിച്ചു.

1996-ലും താലിബാൻ അവരുടെ മുന്നേറ്റം തുടർന്നു. 1996 ഏപ്രിൽ മുതൽ താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഒമർ, അമീർ അൽ മുമിനിൻ (വിശ്വാസികളുടെ പടനായകൻ) എന്ന് അറിയപ്പെടാൻ തുടങ്ങി. 1996 ജൂണിൽ റബ്ബാനിയുടെ ഗവർണറെ പരാജയപ്പെടുത്തി, മദ്ധ്യ അഫ്ഗാനിസ്താനിലെ ഗോർ പ്രവിശ്യയുടെ തലസ്ഥാനമായ ചാഗരാൻ താലിബാൻ അധീനതയിലാക്കി. ഈ നടപടിയിൽ ജനറൽ ദോസ്തമിന്റെ നേതൃത്വത്തിലുള്ള ഉസ്ബെക്കുകളുടേയും, ഹിസ്ബ് ഇ വാഹ്ദത്തിന്റേയ്യും പിന്തുണ താലിബാന് ലഭിച്ചിരുന്നു.

അഫ്ഗാനിസ്താന്റെ പടിഞ്ഞാറും മദ്ധ്യഭാഗവും നിയന്ത്രണത്തിലാക്കിയതിനു ശേഷം, താലിബാൻ സാവധാനം കാബൂളിലേക്ക് നീങ്ങാൻ തുടങ്ങി. 1996 സെപ്റ്റംബർ 11-ന് തലിബാൻ, ജലാലാബാദ് പിടിച്ചെടുത്തു. സെപ്റ്റംബർ 26-ന് മസൂദിന്റെ സൈന്യം കാബൂളിൽ നിന്നും പിൻവാങ്ങി. അങ്ങനെ താലിബാൻ, കാബൂളിൽ പ്രവേശിച്ചു. താലിബാൻ കാബൂളിലെത്തിയതിനെത്തുടർന്ന് റബ്ബാനിയും താലിബാൻ സഖ്യത്തിൽ ചേർന്നു. എങ്കിലും വടക്കുനിന്ന് മസൂദ് പോരാട്ടം തുടർന്നുകൊണ്ടിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കാബൂളിന്റെ വടക്കുള്ള പ്രദേശങ്ങളിൽ താലിബാനും മസൂദും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു.

കാബൂൾ കൈയടക്കിയതിനു ശേഷം നിരവധി ഉത്തരവുകൾ പ്രഖാപിച്ചു. പെൺകുട്ടികൾക്കായുള്ള വിദ്യാലയങ്ങൾ അടച്ചുപൂട്ടി, സ്ത്രീകളെ ഒറ്റക്ക് വീട്ടിനു പുറത്തിറങ്ങുന്നതും, പുറത്ത് പണി ചെയ്യുന്നതിൽ നിന്നും വിലക്കി. സംഗീതത്തിനും സംഗീതകാസറ്റുകൾക്കും വിലക്കേർപ്പെടുത്തി. പട്ടം പറത്തലും പ്രാവുവളർത്തലും നിരോധിച്ചു. പുരുഷന്മാർ താടിവളർത്തുന്നത് നിർബന്ധമാക്കി. മുൻപ് കന്ദഹാറിലും ഹെറാത്തിലും താലിബാൻ ഈ നിയമങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിലും, കൂടുതൽ പരിഷ്കൃതരായിരുന്ന ജനങ്ങൾ വസിച്ചിരുന്ന കാബൂളിൽ ഈ നടപടികൾ അസ്വാരസ്യങ്ങളുണ്ടാക്കി. കാബൂൾവാസികൾ താലിബാനെ രാജ്യത്തെ മദ്ധ്യകാലത്തേക്ക് നയിക്കുന്ന പിന്തിരിപ്പന്മാരായി കണക്കാക്കി. ഇതിനു പുറമേ, മുൻ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടായിരുന്ന നജീബുള്ളയേയും സഹോദരൻ ഷാപൂർ അഹ്മദ്സായേയും താലിബാൻ കൊലപ്പെടുത്തി. 1997-ന്റെ തുടക്കമായപ്പോഴേക്കും തെക്കും പടിഞ്ഞാറൂം അഫ്ഗാനിസ്താൻ മുഴുവനും താലിബാന്റെ നിയന്ത്രണത്തിലായി. ഇക്കാലത്ത് റബ്ബാനിയും മസൂദും വടക്കുകിഴക്കൻ ഭാഗങ്ങളും, ജനറൽ ദോസ്തം, വടക്കൻ അഫ്ഗാനിസ്താന്റേയും നിയന്ത്രണം കൈയാളിയിരുന്നു.

വടക്കൻ അഫ്ഗാനിസ്താനിലെ ജനറൽ അബ്ദുൾ റഷീദ് ദോസ്തം, ഇടക്കാലത്ത് താലിബാനോടൊപ്പം ചേർന്ന് റബ്ബാനിയുടെ സർക്കാരിനെതിരെ പോരാടിയെങ്കിലും പിന്നീട് താലിബാന്റെ ശത്രുപക്ഷത്തായി. മസാർ ഇ-ശരീഫ് കേന്ദ്രമായി ഒരു ഭരണകൂടം തന്നെ കെട്ടിപ്പടുത്ത അബ്ദുൾ റഷീദ് ദോസ്തമിന് മികച്ച ഒരു സൈന്യത്തിന്റേയും വിദേശരാജ്യങ്ങളുടേയും പിന്തുണയുണ്ടായിരുന്നു. 1997 മേയ് 19-ന് ദോസ്തമിന്റെ വിദേശകാര്യവക്താവും വിമതനുമായിരുന്ന ജനറൽ അബ്ദ് അൽ മാലിക് പഹ്ലാവാൻ, പാകിസ്താൻ സർക്കാരിന്റെ പിന്തുണയോടെ താലിബാനുമായി ധാരണയിലെത്തി. ഇതിനെത്തുടർന്ന് അബ്ദ് അൽ മാലിക് പഹ്ലവാന്റേയും താലിബാന്റേയും സംയുക്തസൈന്യം, മേയ് 24-ന് മസാർ-ഇ ശരീഫ് പിടിച്ചെടുത്തു. ദോസ്തം, തുർക്കിയിലേക്ക് പലായനം ചെയ്തു. ഇതിനെത്തുടർന്ന് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങൾ, താലിബാനെ അഫ്ഗാനിസ്താനിലെ ഭരണാധികാരികളായി അംഗീകരിച്ചു. മസാർ-ഇ ശരീഫിനു ശേഷം, ബദാഖ്ശാന്റെ അതിർത്തിയിലുൾല ഖുണ്ടുസും താലിബാൻ പിടിച്ചെടുത്തു. ഇതോടെ റബ്ബാനിയും രാജ്യം വിട്ടു. അങ്ങനെ അഫ്ഗാനിസ്താൻ ഏതാണ്ട് പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി.

മസാർ ഇ ശരീഫിലെ തിരിച്ചടി :

മസാർ-ഇ ശരീഫ് പിടിച്ചടക്കിയതിനു ശേഷം ഇവിടേയും തെക്കൻ അഫ്ഗാനിസ്താനിലെന്ന പോലെ തീവ്ര-ഇസ്ലാമികനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ താലിബാൻ ശ്രമിച്ചു. മേഖലയിലെ ഉസ്ബെക്കുകളും ഹസാരകളും ഇതിനെ എതിർക്കുകയും മേയ് 28-ന് ഇവിടെ വൻ കലാപം പൊട്ടിപ്പുറപ്പെടുകയും ആയിരക്കണക്കിന് താലിബാൻ അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ഇതേ സമയം അഹ്മദ് ഷാ മസൂദ്, സലാങ് തുരങ്കത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതു മൂലം, താലിബാൻ പടയാളികൾക്ക് കാബൂളിലേക്ക് പിന്മാറാനുള്ള വഴിയടഞ്ഞതോടെ വെട്ടിലാകുകയും ചെയ്തു.

1997-ലെ മഞ്ഞുകാലമായപ്പോഴേക്കും താലിബാന് വടക്കൻ അഫ്ഗാനിസ്താന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയത്ത് ജനറൽ ദോസ്തം, മസാർ-ഇ ശരീഫിൽ തിരിച്ചെത്തി. മസൂദും അയാളുടെ പഞ്ച്ശീരി സേനയും കാബൂളിന് വടക്കുള്ള സമതലപ്രദേശങ്ങളും, തന്ത്രപ്രധാനമായ സലാങ്ങ് ചുരവും നിയന്ത്രണത്തിലാക്കി. അത് താലിബാന് ഒരു വൻ തിരിച്ചടിയായി. പിന്നീട് 1998 ഓഗസ്റ്റിൽ നടന്ന ഒരു പോരാട്ടത്തിൽ താലിബാൻ വീണ്ടും മസാർ-ഇ ശരീഫ് പിടിച്ചു. ബദാഖ്ശാനിലെ അഹ്മദ് ഷാ മസൂദ് മാത്രമായിരുന്നു പിന്നീട് താലിബാന് എതിരാളിയായുണ്ടായത്. 2001 വരെ ഈ സ്ഥിതി തുടർന്നു.

വിദേശബന്ധങ്ങളും സ്ഥിതിഗതികളും :

നജീബുള്ളയുടെ പതനത്തിനു ശേഷം, യു.എസ്സിന് അഫ്ഗാനിസ്താനിലെ കാര്യങ്ങളിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല എങ്കിലും അമേരിക്ക, പാകിസ്താന്റെ നയത്തെ പിന്തുണച്ചുപോന്നു. 1994 മദ്ധ്യം മുതൽക്കേ പാകിസ്താൻ, താലിബാനെ പരോക്ഷമായി പിന്തുണ നൽകിപ്പോന്നിരുന്നു. എന്നാൽ 1997 നവംബറോടെ, താലിബാനോടുള്ള യു.എസ്. നയങ്ങൾക്ക് മാറ്റം സംഭവിച്ചു. മനുഷ്യാവകാശലംഘനം, രാജ്യത്തെ കറുപ്പിന്റേയും ഹെറോയിന്റേയും വൻ ഉൽപ്പാദനം എന്നിവയാണ് ഇതിനുള്ള കാരണമായത്. സി.ഐ.എ. ഫാക്റ്റ് ബുക്ക് അനുസരിച്ച് ബർമ്മ കഴിഞ്ഞാൽ ലോകത്തെ കറുപ്പിന്റേയും അനുബന്ധ ഉൽപ്പന്നങ്ങളുടേയ്യും ഏറ്റവും വലിയ കയറ്റുമതി അഫ്ഗാനിസ്താൻ നിന്നായിരുന്നു. ഒസാമ ബിൻ ലാദന് താലിബാൻ അഭയം കൊടുത്തത്, അമേരിക്കൻ നയവ്യതിയാനത്തിന് പ്രധാനകാരണമായി.

1998-ൽ വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂകമ്പങ്ങളും ഇക്കാലയളവിലെ വൻ വരൾച്ചകളും, ആയിരക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കി. താലിബാൻ, ഒസാമ ബിൻ ലാദനെ സഹായിക്കുന്നു എന്ന പേരിൽ, ബാഹ്യലോകത്തുനിന്നുള്ള ഒറ്റപ്പെടലും, രാജ്യത്തെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. 1999-ൽ വ്യോമ ഉപരോധം അടക്കം, ശക്തമായ ഉപരോധങ്ങൾ ഐക്യരാഷ്ട്രസഭ, അഫ്ഗാനിസ്താനെതിരെ ഏർപ്പെടുത്തി. 2000 ഡിസംബറിൽ, ആയുധ ഉപരോധം അടക്കം ചേർത്ത് ഈ ഉപരോധങ്ങൾ ശക്തിപ്പെടുത്തുകയും രാജ്യത്തിന് പുറത്തുള്ള താലിബാന്റെ എല്ലാ സ്വത്തുവകകളും മരവിപ്പിക്കുകയും ചെയ്തു.

2001 ആയപ്പോഴേക്കും രാജ്യത്തെ ജനങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം നിലനിർത്താനും പുറം ലോകത്തെ തങ്ങളുടെ ശക്തി അറിയിക്കാനുമായി, ഇസ്ലാമികകാലത്തിനു മുൻപുള്ള എല്ലാ ചരിത്രസ്മാരകങ്ങളും തകർക്കുന്ന നടപടിയിൽ താലിബാൻ ഏർപ്പെട്ടു. 2001 മാർച്ച് ആദ്യത്തോടെ രാജ്യത്തെ മിക്കവാറും ചരിത്രാവശിഷ്ടങ്ങളും നശിപ്പിക്കപ്പെട്ടു. ബാമിയാനിലെ പ്രശസ്തമായ ബുദ്ധപ്രതിമകൾ ഇക്കൂട്ടത്തിൽപ്പെടുന്നു.

പാകിസ്താനുമായുള്ള ബന്ധം :

1994-ൽ താലിബാന്റെ ഉയർച്ചക്ക് പ്രധാന പങ്കുവഹിച്ച രാജ്യമാണ് പാകിസ്താൻ എന്നുമാത്രമല്ല, 1996-ൽ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച മൂന്നു രാജ്യങ്ങളിലൊന്നുമാണ് പാകിസ്താൻ (സൗദി അറേബ്യ, യു.എ.ഇ. എന്നിവയാണ് മറ്റു രാജ്യങ്ങൾ). ഇതിനും പുറമേ, പാകിസ്താൻ സൈന്യവും, രഹസ്യാന്വേഷണവിഭാഗമായ ഇന്റർ സർവീസസ് ഇന്റലിജൻസും 1980-കളുടെ തുടക്കം മുതൽ അഫ്ഗാനിസ്താനിലെ മൗലിക ഇസ്ലാമികവാദികളെ ശക്തമായി പിന്തുണക്കുകയും, ഈ കണ്ണികൾ ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.

2001 സെപ്റ്റംബർ 11 സംഭവങ്ങൾക്കു ശേഷം, പാകിസ്താനിലെ ഭരണാധികാരിയും സൈനികനേതാവുമായിരുന്ന ജനറൽ പർവേസ് മുഷറഫ്, അമേരിക്കൻ സഹായത്തോടെ താലിബാനെതിരെയുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ കാലങ്ങളായി, താലിബാന് നൽകിവന്നിരുന്ന സഹായങ്ങൾ പാകിസ്താൻ നിർത്തലാക്കി. എങ്കിലും ഔദ്യോഗികമാർഗ്ഗങ്ങളിലൂടെയല്ലാത്ത പല സഹായങ്ങളും താലിബാന് പാകിസ്താനിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നു. ഇതേത്തുടർന്ന് പല പാകിസ്താനി സൈനിക-ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം സംഭവിക്കുകയും താലിബാനെ സഹായിക്കുന്നതിന്റെ പേരിൽ പലരും തടവിലാകുകയും ചെയ്തു.

താലിബാനടക്കമുള്ള ഇസ്ലാമികകക്ഷികൾക്ക്, പാകിസ്താൻ നൽകിപ്പോന്നിരുന്ന സഹായം മൂലം, പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും ബലൂചിസ്താനിലും ഏതാണ്ട് സ്വയംഭരണമുള്ള താലിബാനിസ്താൻ ഉടലെടുത്തു. അഫ്ഗാനിസ്താനിലെ ഹമീദ് കർസായിയുടെ സർക്കാരിന്റെ പ്രതിയോഗികൾക്ക് വളരാനായി ഇവിടം വളക്കൂറൂള്ള പ്രദേശമാണ്.

അധികാരത്തിൽ നിന്നും പുറത്താകുന്നു : സൗദി-അമേരിക്കൻ സമ്മർദ്ദഫലമായി സുഡാനിൽ നിന്നും പലായനം ചെയ്ത ഒസാമ ബിൻ ലാദൻ, 1996-ൽ അഫ്ഗാനിസ്താനിൽ അഭയം പ്രാപിച്ചു. 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തിൽ സൂത്രധാരനെന്നാരോപിച്ച്, ഒസാമ ബിൻ ലാദനെ വിട്ടുതരാൻ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. ഇതിനു തയാറാവാതിരുന്ന താലിബാനു നേരെ അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ സൈന്യം ആക്രമണമാരംഭിച്ചു. മാത്രമല്ല താലിബാന്റെ എതിരാളികളായിരുന്ന വടക്കൻ സഖ്യത്തിന് അമേരിക്ക സഹായങ്ങൾ നൽകാനും ആരംഭിച്ചു. താലിബാൻ ചേരിയിൽ ചില പഷ്തൂൺ നേതാക്കളെ അടർത്തി മാറ്റി പഷ്തൂണുകളെ താലിബാനെതിരെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയും ചെയ്തു. ഹമീദ് കർസായി, അബ്ദുൾ‌ ഹഖ് തുടങ്ങിയവർ ഇത്തരത്തിൽ അമേരിക്ക നിയോഗിച്ച പഷ്തൂൺ നേതാക്കളായിരുന്നു. ഇതിൽ, മുൻ മുജാഹിദീൻ നേതാവായ അബ്ദുൾ ഹഖിനെ, താലിബാൻ ഒക്ടോബർ അവസാനം പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്തു.

പാശ്ചാത്യരുടേയും പാകിസ്താന്റേയും സ്വാധീനം മൂലം അതുവരെ താലിബാനെ പിന്തുണച്ചുകൊണ്ടിരുന്ന പല തദ്ദേശീയ ഗോത്രനേതാക്കളും താലിബാന്റെ പക്ഷത്തുനിന്ന് മാറി, ഹമീദ് കർസായിയെപ്പോലുള്ള പരമ്പരാഗത പഷ്തൂൺ നേതാക്കളുടെ പിന്നിൽ അണിനിരക്കാൻ തുടങ്ങി. അങ്ങനെ താലിബാനുമായി ബന്ധമില്ലാത്ത പരമ്പരാഗത പഷ്തൂൺ നേതാക്കൾക്ക് രാഷ്ട്രീയപ്രാധാന്യം കൈവന്നു.

2001 ഒക്ടോബർ മാസം തുടക്കം, അമേരിക്കൻ-ബ്രിട്ടീഷ് സംയുക്തസേന, താലിബാൻ കേന്ദ്രങ്ങൾക്കുനേരെ ശക്തമായ ബോബാക്രമണം ആരംഭിച്ചിരുന്നു. 2001 നവംബർ മാസത്തിൽ താലിബാന്റെ നിയന്ത്രണത്തിലായിരുന്ന മിക്കവാറൂം എല്ലാ പട്ടണങ്ങളും വടക്കൻ സഖ്യത്തിന്റെ കൈയിലായി. അവസാനം താലിബാന്റെ കൈയിലുണ്ടായിരുന്ന കന്ദഹാർ, ഡിസംബർ 7-ന് വടക്കൻ സഖ്യത്തിന്റെ നിയന്ത്രണത്തിലായതോടെ താലിബാന്റെ പതനം പൂർത്തിയായി. ഇതിനു മുൻപുതന്നെ മുല്ല ഒമറൂം, ഒസാമ ബിൻ ലാദനുമുടക്കമുള്ള താലിബാൻ, അൽ ഖ്വയ്ദ നേതാക്കൾ‌ രാജ്യം വിട്ട് പാകിസ്താനിൽ ഒളിവിൽ പോകുകയും ചെയ്തു.

താലിബാന്റെ പതനം, 2001-ൽ ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാരിന്റെ സ്ഥാപനത്തിന് കാരണമായി. എങ്കിലും ഇന്നും അമേരിക്കൻ/നാറ്റോ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ താവളമുറപ്പിച്ചിട്ടുള്ള അന്താരാഷ്ട്രസേനക്കെതിരെ താലിബാൻ പൊരുതിക്കൊണ്ടിരിക്കുന്നു. അധിനിവേശ സേനകളുടെ കണ്ണില്ലാത്ത ആക്രമണത്തിൽ സിവിലിയന്മാർ നിരന്തരം കൊല്ലപ്പെടുന്നതിനാൽ അവർക്കെതിരെയുള്ള ജനരോഷം നിലവിൽ താലിബാന്റെ ജനപിന്തുണ കാര്യമായി വർധിപ്പിച്ചിട്ടുണ്ട് .നിലവിൽ അഫഗാന്റെ 80%പ്രദേശങ്ങളുടെ നിയന്ത്രണം താലിബാൻ തിരിച്ചു പിടിച്ചു കഴിഞ്ഞു.

കടപ്പാട് – വിക്കിപീഡിയ.

Saturday, 10 November 2018

മേം ഖുദിരാം ബോസ്‌ ഹൂം



മേം ഖുദിരാം ബോസ്‌ ഹൂം

Courtesy: Siddieque Padappil Charithraanveshikal


"എനിക്ക്‌ കുറച്ചു കൂടി സമയം ലഭിച്ചാൽ ജഡ്‌ജിയെ ബോംബു നിർമ്മാണം പഠിപ്പിക്കാൻ കഴിഞ്ഞേനെ"
തന്റെ വധശിക്ഷ വിധിച്ച ജഡ്‌ജി, 'എന്തെങ്കിലും പറയാനുണ്ടോ.?' എന്ന ചോദ്യത്തിന്ന് മറുപടിയായ ധീരപോരാളി ഖുദിരാം ബോസ്‌ കൊടുത്ത മറുപടിയാണ്‌ മേലെ. വധശിക്ഷാ വിധി കേട്ടിട്ടും കൂസലില്ലാതെ പുഞ്ചിരി തൂകി നിൽക്കുന്ന ഖുദിരാമിനെ കണ്ട്‌ ഒരു വേള ജഡ്‌ജി തന്നെ ഞെട്ടിയിരിക്കണം. രാജ്യസ്നേഹത്തിന്റെ മൂർത്തിഭാവമായിരുന്നു ഖുദിരാം ബോസ്‌. ഒരു കോടതിക്കും തകർക്കാനാവാത്ത ആത്മവിശ്വാസം പരത്തുന്ന വാക്കുകൾ മറ്റു സ്വാതന്ത്ര്യ പോരാളികൾക്ക്‌ കരുത്തേകിയിരിക്കണം.
ഇത്‌ ഖുദിരാം ബോസ്‌.. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത്‌ രക്തസാക്ഷിയായ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഖുദിരാം ബോസ്‌. പതിനെട്ട്‌ വയസ്സും എട്ടു മാസവും എട്ട്‌ ദിവസവും പ്രായം പ്രായമുള്ളപ്പോഴായിരുന്നു ഖുദിരാമിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുന്നത്‌. പശ്ചിമ ബംഗാളിലെ മിഡ്‌നാപുർ ജില്ലയിലെ ഹബീബ്‌പുർ എന്ന പ്രദേശത്തായിരുന്നു ഖുദിരാമിന്റെ ജനനം. ലക്ഷ്മിപ്രിയ-ത്രൈലോക്യ നാഥ്‌ ബോസിന്റെ മകനായി 1889 ഡിസന്പർ 3 നായിരുന്നു ബോസ്‌ ജനിക്കുന്നത്‌. ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഖുദിരാം, സഹോദരിയുടെ സംരക്ഷണതയിലാണ്‌ വളർന്നത്‌. തമ്ലൂക്കിലെ ഹാമിൽട്ടൺ സ്കൂളിൽ പ്രാഥമിക വിദ്യഭ്യാസം നേടി.
1900 ന്റെ ആരംഭത്തിൽ മിഡ്‌നാപൂരിൽ പ്രസംഗിച്ചിരുന്ന സിസ്റ്റർ നിവേദിതയുടെയും അരോബിന്ദോയുടെയും പ്രസംഗങ്ങളിൽ ആകൃഷ്ടനായ ഖുദിരാം ദേശീയ പ്രസ്ഥാനങ്ങളോട്‌ അടുക്കുകയുണ്ടായി. ബ്രിട്ടീഷുകാർക്കെതിരെ പോരാടണമെന്ന തീവ്രചിന്ത ചെറുതിലേ ഖുദിരാമിൽ ആഴ്‌ന്നിറങ്ങി. പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യ സമരത്തിലേക്ക്‌ എത്തി. ചെറിയ പ്രായത്തിൽ തന്നെ ബോംബ്‌ നിർമ്മാണത്തിൽ നിപുണനായ ഖുദിരാം പോലീസുകാരെ ആക്രമിക്കാനാണ്‌ ശ്രമിച്ചത്‌. 1905 ൽ ബംഗാളിലെ സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി പോലീസ്‌ ജനങ്ങളെ നിഷ്കൂരം മർദ്ദിച്ചിതായിരുന്നു ഈ പ്രതികാരാഗ്നിക്ക്‌ കാരണം. പോലീസ്‌ പലരെയും ജയിലിലാക്കി, വ്യാജ ആരോപണങ്ങൾ നടത്തി ശിക്ഷിക്കുകയു ചെയിതു. നീതിരഹിത വിധി പ്രസ്താവിക്കുന്നതിൽ കുപ്രസിദ്ധി നേടിയ കിംഗ്സ്‌ഫോർഡ്‌ എന്ന ബ്രിട്ടീഷുകാരൻ ജഡ്‌ജി ബംഗാൾ ജനതയെ കഴിയും വിധം ദ്രോഹിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ഖുദിരാം പോലിസ്‌ സ്റ്റേഷനിൽ ബോംബ്‌ വെക്കുകയും മറ്റു ആക്രമണങ്ങൾക്ക്‌ നേതൃത്വം കൊടുക്കുകയും ചെയിതിരുന്നു. പിന്നീട്‌ മുസഫർപ്പുർ മജിസ്‌ട്രേറ്റ്‌ ആയ കിംഗ്സ്‌ഫോഡിനെ വധിക്കാൻ പദ്ധതി തയ്യാറാക്കി മുസഫർപ്പുറിലേക്ക്‌ യാത്ര പോയി.
മുസഫർപ്പുറിലെത്തിയ ഖുദിരാം കിംഗ്സ്‌ഫോർഡിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ വേണ്ടി ശ്രമിച്ചു. ഹരേൻ ശങ്കർ എന്ന അപരനാമത്തിൽ അവിടെ കഴിഞ്ഞ ഖുദിരാം ഒരു തക്കം പാർത്തിരുന്നു. കിംഗ്സ്‌ഫോഡ്‌ വീട്ടിലേക്ക്‌ പോകുന്നതും ക്ലബ്ബിലേക്ക്‌ പോകുന്നതുമൊക്കെയുള്ള ദിനചര്യകൾ മനഃപാഠമാക്കി അവസരം നോക്കി നിന്നു. 1908 ഏപ്രിൽ 30 ന്ന് കിംഗ്സ്ഫോഡ്‌ വരുന്നതും കാത്ത്‌ യൂറോപ്യൻ ക്ലബ്ബിന്റെ പുറത്ത്‌ കാത്തിരുന്നു. 8:30 ന്ന് കിംഗ്സ്ഫോഡ്‌ പുറത്ത്‌ വരുന്ന വാഹനം നോക്കി ബോബെറിഞ്ഞു. പക്ഷേ, നിർഭാഗ്യവശാൽ ആ വാഹനത്തിൽ ഉണ്ടായിരുന്നത്‌ മുസഫർപ്പുർ കോടതിയിലെ അഭിഭാഷകനായിരുന്ന പ്രിംഗിൾ കെനഡിയുടെ ഭാര്യയും മകളുമായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട ഖുദിരാം കാൽനടയായി 50 കിലോമീറ്ററോളം സഞ്ചരിച്ചു. ഈ സമയം അക്രമികൾക്ക്‌ വേണ്ടി പോലിസ്‌ നാൽ പാടും വല വീശിയിരുന്നു. അക്രമികളെ പറ്റി വിവരം നൽകുന്നവർക്ക്‌ ആയിരം രൂപ പാരിതോഷികവും പോലിസ്‌ പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ ഉൾവഴിയിലൂടെ തുടർച്ചയായി നടന്ന് തളർന്ന ഖുദിരാം വെള്ളം കുടിക്കാനായി അടുത്ത്‌ കണ്ട ആളനക്കമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ കയറി. മുഷിഞ്ഞ വേഷധാരിയായ ഖുദിരാമിൽ സംശയം തോന്നിയ രണ്ട്‌ പോലിസുകാർ അയാളെ ചോദ്യം ചെയിതു. പോലിസുകാരുമായുള്ള ഉന്തും തള്ളലിൽ അരയിൽ വെച്ചിരുന്ന കൈത്തോക്ക്‌ താഴെ വീണു. ഇത്‌ കണ്ട പോലിസുകാർ ഖുദിരാമിനെ കീഴ്പ്പെടുത്തുകയും അറസ്റ്റ്‌ ചെയ്യുകയും ചെയിതു.
ഖുദിരാമിന്റെ അറസ്റ്റ്‌ വാർത്ത പരന്നു. കോടതിയിൽ ഹാജരാക്കപ്പെട്ട 18 വയസ്സ്‌ പ്രായം മാത്രം തോന്നിപ്പിക്കുന്ന യുവാവിനെ കാണാൻ ജനം തടിച്ചു കൂടി. 1908 മെയ്‌ 21 ന്ന് വിചാരണ ആരംഭിച്ചു. ഖുദിരാമിന്ന് വേണ്ടി അക്കാലത്തെ പ്രമുഖരായ അഭിഭാഷകരെല്ലാം ഫീസ്‌ വാങ്ങാതെ വാദിച്ചുവെങ്കിലും വിധി ഖുദിരാമിന്ന് അനുകൂലമായിരുന്നില്ല. വിചരണക്ക്‌ ശേഷം വധശിക്ഷ വിധിക്കുകയുണ്ടായി. ഒരു പുഞ്ചിരിയോടെയാണ്‌ ഖുദിരാം തന്റെ വിധി കേട്ടത്‌. വിധിക്ക്‌ ശേഷം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ്‌ കുറച്ച്‌ സമയം കൂടി അനുവദിക്കുകയാണെങ്കിൽ നിങ്ങളെ കൂടി ഞാൻ ബോംബ്‌ നിർമ്മാണം പഠിപ്പിക്കുമായിരുന്നു എന്ന് ഇന്ത്യൻ ജഡ്‌ജിയോട്‌ കൂസലില്ലാതെ പറഞ്ഞത്‌.
1908 ഓഗസ്റ്റ്‌ 19 ന്ന് ആറു മണിക്ക്‌ ഖുദിരാമിനെ തൂക്കിലേറ്റുകയുണ്ടായി. പ്രസന്നവദനായാണ് ഖുദിരാം കൊലമരത്തിലേക്ക് നടന്നു കയറിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക എന്ന ബംഗാളി പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഖുദിരാം ബോസിന്റെ ജീവചരിത്രം ആസ്പദമാക്കി 2017 ൽ റിലീസ്‌ ചെയിത ബോളിവുഡ്‌ സിനിമയായിരുന്നു‌, 'Main Khudiram Bose Hoon'. ഭാരതത്തിന്റെ മണ്ണിൽ നിന്ന് ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച ധീര സമരപോരാളികൾക്ക്‌ മരണമില്ല. സ്വാരാജ്യത്തിന്ന് വേണ്ടി ആത്മബലി സമർപ്പിച്ച എല്ലാ ധീര രക്തസാക്ഷികൾക്ക്‌ മുന്നിൽ തല കുനിച്ച്‌ കൊണ്ട്‌....!!!
🌟 ѕ ρ 🌟


എന്താണ് കാർഗിൽ യുദ്ധം? ഇന്ത്യ പാക്കിസ്ഥാനെ അടിയറവു പറയിച്ചത് ഇങ്ങനെ…

എന്താണ് കാർഗിൽ യുദ്ധം? ഇന്ത്യ പാക്കിസ്ഥാനെ അടിയറവു പറയിച്ചത് ഇങ്ങനെ

Courtesy:AanavandiTravel Blog Malayalam

കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം(൧), എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

യുദ്ധ പശ്ചാത്തലം : 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ഉണ്ടായ സിംലാ കരാർ(൨) ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്‌ അയവു വരുത്താൻ സഹായകരമായി. ഈ കരാർ ആണ് ലൈൻ ഓഫ് കണ്ട്രോൾ (LOC) അഥവാ നിയന്ത്രണ രേഖ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയെടുത്തത്. ഇത് 1971 ഡിസംബർ 17 ന് വെടിനിർത്തൽ പ്രഖ്യാപിച്ച നാൾ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ ഇരു രാജ്യങ്ങളും കൈവശം വക്കാനും ഒരു അതിർത്തിരേഖക്ക് സമാനമായി പിന്നീട് രൂപപ്പെടുത്താനും കാരണമായിത്തീർന്നു. ഇരുരാജ്യങ്ങളും അന്നു മുതൽ ഈ രേഖക്കിരുവശവും സൈനികകേന്ദ്രങ്ങൾ നിർമ്മിക്കുകയും തങ്ങളുടെ പ്രദേശം എതിർകക്ഷിക്ക് വിട്ടുകൊടുക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്നു. 1990-കൾ മുതൽ‍ കാശ്മീർ വിഘടനവാദികൾ ഈ രേഖക്കിപ്പുറത്തേക്ക് നുഴഞ്ഞു കയറാൻ തുടങ്ങുകയും ഇന്ത്യയുടെ കൈവശമിരിക്കുന്ന കാശ്മീരിൽ തീവ്രവാദപ്രവർത്തനം നടത്തുകയും ചെയ്തു വന്നു. ഇത്തരം ഒളിപ്പോരാട്ടങ്ങളും അതു പോലെ തന്നെ ഇരുരാജ്യങ്ങളും നടത്തിയ അണുപരീക്ഷണങ്ങളും 1998-ഓടു കൂടി സ്ഥിതിഗതികൾ വീണ്ടും സംഘർഷാവസ്ഥയിലേക്കെത്തിച്ചു. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇരു രാജ്യങ്ങളും 1999 ഫെബ്രുവരിയിൽ ലാഹോർ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടികൾ ഒപ്പുവച്ചിരുന്നു. എന്നാൽ അതേസമയം പാകിസ്താൻ കരസേന, പാകിസ്താൻ അർദ്ധസൈനിക വിഭാഗത്തെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യൻ ഭാഗത്തേക്ക് അയക്കുകയും ചെയ്തു. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങനെ ഇന്ത്യൻ പട്ടാളത്തെ സിയാച്ചിൻ പ്രദേശത്തു നിന്ന് പിൻ‌വലിക്കുവാൻ ഇന്ത്യയെ നിർബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി. പ്രദേശത്തുണ്ടാകുന്ന ഏതൊരു പ്രശ്നവും കാശ്മീർ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരുമെന്നും, അങ്ങനെ വേഗത്തിൽ പ്രശ്നപരിഹാരം സാധ്യമാകുമെന്നും അവർ കരുതി. കൂടാതെ ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലെ വിമതർക്ക് ഉത്തേജനം പകരാനും ഇതുമൂലം സാധിക്കുമെന്ന് പാകിസ്താൻ കരുതി.

ഇന്ത്യൻ കരസേനാ മേധാവി വേദ് പ്രകാശ് മാലിക്കിന്റേയും മറ്റനേകം യുദ്ധവിദഗ്ദ്ധരുടേയും അഭിപ്രായത്തിൽ നുഴഞ്ഞുകയറ്റത്തിന് “ഓപറേഷൻ ബാദ്ർ” എന്നായിരുന്നു പാക്ക് രഹസ്യനാമം. പദ്ധതി നിർമ്മാണം, പാതകളും നിർണ്ണായക വിതരണപഥങ്ങളുമടക്കമെല്ലാം വളരെ മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. പട്ടാളം ഇത്തരമൊരു പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് ചില പാകിസ്താനി നേതാക്കൾക്ക് നേരത്തേ തന്നെ സൂചന നൽകിയിരുന്നെങ്കിലും (സിയാ ഉൾ ഹഖ്, ബേനസീർ ഭൂട്ടോ) ഇരു രാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധമുണ്ടാകുമെന്ന ഭയത്താൽ പദ്ധതി പ്രയോഗത്തിൽ വരുത്തിയിരുന്നില്ല. ചില വിശകലന വിശാരദന്മാർ വിചാരിക്കുന്നത് പർവേസ് മുഷാറഫ് പട്ടാളമേധാവി ആയതിനോടു കൂടി ആക്രമണത്തിന്റെ രേഖാരൂപം സക്രിയമാക്കുകയായിരുന്നു എന്നാണ്. മുഷാറഫ് സൈനികമേധാവി ആകുന്നത് 1998 ഒക്ടോബറിൽ ആണ്. അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്, അദ്ദേഹത്തിന് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും, ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഫോണിൽ വിളിച്ചാരാഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം അറിഞ്ഞതെന്നുമാണ്. മുഷാറഫിനും രണ്ടോ മൂന്നോ വിശ്വസ്തർക്കും മാത്രമേ പദ്ധതിയെ കുറിച്ചറിവുണ്ടായിരുന്നുള്ളു എന്നും ഷെരീഫ് വാദിച്ചു. എന്നാൽ വാജ്‌പേയിയുടെ ലാഹോർ യാത്രക്കു 15 ദിവസം മുമ്പുതന്നെ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് മുഷാറഫ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

യുദ്ധം നടന്ന പ്രദേശം : 1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാർഗിൽ, ഗിൽജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വർണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയർന്ന മലനിരകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴ്വരകളാണ്‌ ഉള്ളത്. 1947-ലെ ഒന്നാം കശ്മീർ യുദ്ധത്തിന്റെ ഫലമായി കാർഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം അവശേഷിക്കുന്ന ഭാഗങ്ങൾ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങൾ അടക്കം ഇന്ത്യയുടെ കൈയിലാക്കി. ലഡാക്കിൽ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാർഗിലാണ്. കാർഗിൽ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാർഗിൽ പട്ടണം നിയന്ത്രണരേഖയിൽ സ്ഥിതി ചെയ്യുന്നു. ശ്രീനഗറിൽ നിന്ന് 120 കി.മീ അകലെയുള്ള കാർഗിൽ പാകിസ്താന്റെ വടക്കൻ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാർഗിലിലേതും. വേനൽക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50 °C വരെ താഴാറുണ്ട്.ശ്രീനഗറിൽ നിന്ന് ലേയിലേക്കുള്ള ദേശീയപാത കാർഗിൽ വഴി കടന്നു പോകുന്നു.

നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യൻ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത്. കാർഗിൽ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റർ, മുഷ്കോ താഴ്‌വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവൽതുറകൾ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റർ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റർ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിർണ്ണായക സമയങ്ങളിൽ അവിചാരിതങ്ങളായ ആക്രമണങ്ങൾ നടത്താൻ അനുയോജ്യമായ സ്ഥലമാണ് കാർഗിൽ. നുഴഞ്ഞുകയറ്റത്തിന് കാർഗിൽ തിരഞ്ഞെടുക്കാൻ പ്രധാനകാരണമിതായിരുന്നു. ഉയരത്തിൽ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്കർദുവിൽ നിന്നും 173 കി.മീ. മാത്രമാണ് കാർഗിലിലേക്കുള്ള ദൂരം, ഇത് പോരാളികൾക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നൽകാൻ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാർഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാർഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാൻ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.

യുദ്ധം : പ്രധാനമായും മൂന്നു ഘട്ടങ്ങളായിരുന്നു കാർഗിൽ യുദ്ധത്തിനുണ്ടായിരുന്നത്. ആദ്യം പാകിസ്താൻ ഇന്ത്യൻ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങൾ രഹസ്യമായി പിടിച്ചെടുത്തു. ഇന്ത്യ തന്ത്രപ്രധാനമായ പാതകൾ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്, പിന്നീട് ഇന്ത്യൻ പട്ടാളം പാകിസ്താൻ പിന്തുണയുള്ള പോരാളികളെ സാവധാനം നിയന്ത്രണരേഖക്ക് പിന്നിലേക്കു തുരത്തി. അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ കാവൽതുറകൾ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയിൽ തിരിച്ചെത്തുകയും പതിവായിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തിൽ അധിവാസം വളരെയധികം ദുഷ്കരമാകുന്നതാണ് ഇതിനു കാരണം. എന്നാൽ തണുപ്പ് കുറയുന്നതോടെ ഇരു രാജ്യങ്ങളും തിരികെയെത്തുകയും ചെയ്യും.

എന്നാൽ 1999-ൽ പാകിസ്താൻ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ ഈ താവളങ്ങളിൽ എത്തുകയും ഏതാണ്ട് 1999 മെയ് തുടക്കത്തോടെ 130-ഓളം വരും കാർഗിൽ കാവൽത്തുറകൾ പിടിച്ചെടുക്കാനും അങ്ങനെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യടക്കാനും തീരുമാനിച്ചു. സ്പെഷ്യൽ സെർവീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റിയുടെ (അക്കാലത്ത് നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റി അർദ്ധസൈനിക വിഭാഗമായിരുന്നു) ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും പിന്തുണയോടെ പൂർണ്ണമായും ശൈത്യത്താൽ ഒഴിവാക്കിയിരുന്ന, ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളത്തുറകൾ രഹസ്യമായി പിടിച്ചെടുക്കുകയും അവർ അവരുടേതായ യുദ്ധസജ്ജീകരണങ്ങൾ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണരേഖക്ക് ദൂരെ നിന്ന് ചെറിയ പീരങ്കികളാൽ അങ്ങോട്ടുമിങ്ങോട്ടും വെടിവക്കുക പതിവാണ്. ഈ സമയത്ത് പാകിസ്താൻ നിയന്ത്രിത കശ്മീരിലെ പട്ടാളക്കാർ സാമാന്യം കനത്ത് തോതിൽ പീരങ്കി വെടിയുതിർക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഇന്ത്യക്കാർക്ക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കാനായിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യൻ സൈനികർ ഈ നുഴഞ്ഞുകയറ്റം അറിഞ്ഞതേയില്ല. പക്ഷേ മെയ് രണ്ടാമത്തെ ആഴ്ചയിൽ അവിടത്തെ നാട്ടുകാരനായ ഒരു ആട്ടിടയൻ നൽകിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യൻ സംഘത്തിനു നേരേ ഒളിപ്പോർ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്രോൾ സംഘത്തെ അവർ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോൾ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവർക്ക് തിരിച്ചു വന്ന് കാര്യങ്ങൾ വ്യക്തമാക്കാനായത്. എന്നാൽ അവരുടെ വിവരണത്തിൽ നിന്ന് മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ സംഘങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് ആദ്യനാളുകളിൽ വീരവാദം മുഴക്കിയിരുന്നു എന്നാൽ നുഴഞ്ഞുകയറ്റം നിയന്ത്രണരേഖയിലുടനീളമുണ്ടെന്ന വിവരങ്ങൾ ആക്രമണം വളരെ വലിയതോതിലാണെന്നു വെളിവാക്കി.

ഇന്ത്യൻ ഭരണകൂടം 200,000 സേനാംഗങ്ങൾ ഉൾപ്പെട്ട ഓപറേഷൻ വിജയ് എന്ന പദ്ധതിയിലൂടെയാണ് പ്രതികരിച്ചത്. എങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു, മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയൻ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്ത്യൻ കരസേനയുടെ രണ്ട് ഡിവിഷനുകളും (20,000 സൈനികർ‌) ആയിരക്കണക്കിനു ഇന്ത്യൻ അർദ്ധസൈനികരും ഇന്ത്യൻ വായുസേനയും പ്രശ്നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കാർഗിൽ-ദ്രാസ്] പ്രദേശത്ത് സായുധപോരാട്ടത്തിൽ ഏർപ്പെട്ട ആകെ ഇന്ത്യൻ സൈനികരുടെ എണ്ണം 30,000 അടുത്തായിരുന്നു. നുഴഞ്ഞുകയറ്റക്കാരും അവരെ സഹായിക്കുന്നവരും പാക് അധീന കാശ്മീരിൽ നിന്നും പീരങ്കിആക്രമണം നടത്തുന്നവരുമായ പാക് അനുകൂലികളുടെ ആകെ എണ്ണം 5,000 വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ദേശീയപാത 1.എയുടെ സംരക്ഷണം : ഉയരം കൂടിയ പ്രദേശങ്ങളായതിനാൽ വിമാനങ്ങൾ ഉപയോഗിച്ച് ചരക്കുകൾ എത്തിക്കുക എന്നത് അപ്രായോഗികമായിരുന്നു. അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത 1.എ എന്നു പറയാം. ലേയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പാതയാണിത്. പാകിസ്താൻ കൈയ്യടക്കിയ നിരീക്ഷണനിലയങ്ങളിൽ നിന്ന് പാത കാണാനും അങ്ങനെ അവിടേക്ക് പീരങ്കി ആക്രമണം നടത്താനും കഴിയുമായിരുന്നു. തന്ത്രപ്രധാനമായ വിതരണ പാത എന്ന നിലയിൽ ഇന്ത്യൻ കരസേനക്ക് ഇത് തലവേദനയുണ്ടാക്കി. ഹിമാചൽ പ്രദേശിൽ നിന്നും ലേയിലേക്ക് ഒരു പാത ഉണ്ടെങ്കിലും അതിന് നീളക്കൂടുതലുണ്ട്.

നുഴഞ്ഞുകയറ്റക്കാരാകട്ടെ കൈയ്യിൽ ചെറു ആയുധങ്ങളും, ഗ്രനേഡ് ലോഞ്ചറുകളും മറ്റുമായി നുഴഞ്ഞുകയറുന്നവരിൽ നിന്നും വ്യത്യസ്തമായി മോർട്ടാറുകളും, പീരങ്കികളും, വിമാനവേധത്തോക്കുകളും വരെ കൈവശപ്പെടുത്തിയവരായിരുന്നു. പലതാവളങ്ങളും വലിയതോതിൽ മൈനുകൾ പാകി സംരക്ഷിക്കപ്പെട്ടിരുന്നു. ഐ.സി.ബി.എൽ-ന്റെ കണക്കുപ്രകാരം പിന്നീട് ഇന്ത്യ 9,000 മൈനുകൾ പ്രദേശത്തുനിന്നും നീക്കം ചെയ്തു. പാകിസ്താൻ കൈയ്യടക്കിയ പ്രദേശം ആളില്ലാത്ത വിമാനങ്ങൾ കൊണ്ടും യു.എസ്. നിർമ്മിത AN/TPQ-36 ഫയർഫൈന്റർ റഡാറുകൾ കൊണ്ടും ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ ആക്രമണങ്ങളുടെ ആദ്യലക്ഷ്യം ദേശീയപാത 1.എ. യുടെ നിയന്ത്രണം കൈയ്യിലാക്കുക എന്നതായിരുന്നു, അതിനായി പാതയെ മുകളിൽ നിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന മലകൾ കൈക്കലാക്കാനായി ശ്രമം. പക്ഷേ ഇത്തരം കുന്നുകൾ നിയന്ത്രണരേഖക്കു സമീപമായതിനാലും ദേശീയപാത നിയന്ത്രണരേഖക്കടുത്തുകൂടി പോകുന്നതിനാലും ബുദ്ധിമുട്ടേറിയ ലക്ഷ്യമായിരുന്നു അത്. ഈ കുന്നുകൾ തിരിച്ചുപിടിക്കുന്നത് പ്രദേശത്ത് മേൽക്കൈയ്യും ദേശീയപാതയുടെ സംരക്ഷണവും ഉറപ്പു നൽകുമായിരുന്നു. ഇന്ത്യയുടെ ആക്രമണ രീതി ആ രീതിയിലായിരുന്നു.

ഇന്ത്യൻ പ്രദേശത്തിന്റെ വീണ്ടെടുക്കൽ : കാർഗിൽ യുദ്ധത്തിൽ നിർണ്ണായകമായ രണ്ട് വഴിത്തിരിവുകളായിരുന്നു ഇന്ത്യൻ സേനക്കുണ്ടായിരുന്നത്. അവ ടോലോലിങ്ങ് കുന്ന് തിരിച്ച് പിടിച്ചതും അതിലൂടെ ടൈഗർ കുന്ന് കൈവശപ്പെടുത്താനായതുമാണ് ആ പ്രധാവവഴിത്തിരിവുകൾ എന്ന് ജെന. വേദ് പ്രകാശ് മല്ലിക് അഭിപ്രായപ്പെടുന്നു. ടൊളോലിങിലെ പോരാട്ടം പോലുള്ള മറ്റനേകം മിന്നലാക്രമണങ്ങൾ യുദ്ധം ആദ്യമേ തന്നെ ഇന്ത്യയുടെ വരുതിയിലെത്തിച്ചു. എങ്കിലും ടൈഗർ ഹിൽ(പോയിന്റ് 5140) പോലുള്ള ചില മേഖലകൾ കനത്ത യുദ്ധശേഷം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ചില പോരാട്ടങ്ങൾ മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടുമുടികളിലാണ് നടന്നത് -കൊടുമുടികൾ പലതും പോയിന്റ് നമ്പരുകൾ മാത്രമുള്ളവയും പേരില്ലാത്തവയും ആയിരുന്നു – ഭീകരമായ നേർക്കു നേരേയുള്ള പോരാട്ടമാണ് അവിടെ നടന്നത്. നേരിട്ടു കാണാവുന്ന നിലയങ്ങളിലെ നുഴഞ്ഞുകയറ്റം ഒഴിപ്പിക്കാനായി 250 പീരങ്കികൾ ആണ് ഇന്ത്യ വിന്യസിച്ചത്. ബോഫോഴ്സ് ഹൊവിറ്റ്സർ (ബോഫോഴ്സ് വിവാദം കുപ്രസിദ്ധമാക്കിയവ) പീരങ്കികളിൽ നിർണ്ണായക ശക്തിയായി. എങ്കിലും ബോഫോഴ്സ് പീരങ്കികൾ വിന്യസിക്കാനാവശ്യമായ സ്ഥലക്കുറവ് പ്രശ്നമുണ്ടാക്കി. ഈ സന്ദർഭത്തിൽ ഇന്ത്യൻ വായുസേന ഓപറേഷൻ സഫേദ് സാഗർ എന്ന പദ്ധതി പ്രയോഗത്തിൽ കൊണ്ടുവന്നെങ്കിലും ഉയർന്ന യുദ്ധമണ്ഡലം, പോർ വിമാനങ്ങളിൽ കുറച്ചായുധങ്ങൾ മാത്രം കൊണ്ടുപോകാനേ അനുവദിച്ചുള്ളു. പറന്നുയരാനുള്ള സ്ഥലക്കുറവും പദ്ധതിക്കു തടസ്സമുണ്ടാക്കി. വായൂസേനക്ക് ഒരു മിഗ് 27 പോർ‌വിമാനം യന്ത്രത്തകരാറു മൂലം നഷ്ടപ്പെട്ടു അതുപോലെ തന്നെ ഒരു മിഗ് 21 പാകിസ്താൻ വെടിവെച്ചിടുകയും ചെയ്തു. പാകിസ്താന്റെ അതിർത്തി ലംഘിച്ചതിനാൽ ഇരുവിമാനങ്ങളേയും വെടിവെച്ചിട്ടതാണെന്നു പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ ഒരു എം.ഐ-8 ഹെലികോപ്റ്ററും പാകിസ്താൻ വെടിവെച്ചിട്ടിരുന്നു. ഈ യുദ്ധത്തിൽ ഇന്ത്യൻ വായുസേന ലേസർ ലക്ഷ്യ ബോംബുകൾ ഉപയോഗിച്ചാണ് പാകിസ്താൻ പട്ടാളത്തിന്റെ ശക്തമായ പല കേന്ദ്രങ്ങളും നശിപ്പിച്ചത്.

വ്യോമശക്തിക്കോ പീരങ്കി ആക്രമണത്തിനോ എത്തിച്ചേരാൻ സാധിക്കാത്ത ചില പാകിസ്താൻ നിയന്ത്രിത നിർണ്ണായക കേന്ദ്രങ്ങൾ ഇന്ത്യൻ കരസേന നേരിട്ടുള്ള യുദ്ധത്തിൽ പിടിച്ചെടുത്തു. ഇത്തരം ആക്രമണങ്ങൾ 18,000 അടി(5500 മീ) ഉയരത്തിൽ വരെ നടന്നു. സാവധാനം നടന്ന ഈ പോരാട്ടങ്ങൾ ഇന്ത്യൻ പക്ഷത്തെ മരണനിരക്കുയരാൻ കാരണമായി. പകൽ ഇത്തരം മലകയറി ആക്രമിക്കുന്നത് ആത്മഹത്യാപരമായതിനാൽ ഇരുട്ടിന്റെ മറവിലാണ് ഇതിൽ പലതും നടന്നത്. ഇത്തരം മലകളിൽ താപനില −11 °C മുതൽ -15 °C വരെ ആയിരുന്നു. ശീതക്കാറ്റിന്റെ ഭീഷണിയും ഉണ്ടായിരുന്നു. പട്ടാളതന്ത്രങ്ങൾ അനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണശൃംഖല തകർത്ത് ഒരു ഉപരോധം സൃഷ്ടിച്ചാൽ ഇന്ത്യൻ പ്രദേശത്തെ നഷ്ടം വളരെ കുറക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. സമ്പൂർണ്ണയുദ്ധമുണ്ടാകുമെന്ന ഭയവും അന്താരാഷ്ട്രപിന്തുണ നഷ്ടപ്പെടുമെന്ന ചിന്തയും ഇതിൽ നിന്നും ഇന്ത്യയെ വിലക്കി.

ടൈഗർ ഹില്ലിലെ യുദ്ധം : ഇവയിൽ ടൈഗർ ഹിൽ (കുന്ന്) ആയിരുന്നു ഏറ്റവും തന്ത്രപ്രധാനം. അവിടെയിരുന്നാൽ ദേശീയപാത 1എ-യെ ആക്രമിക്കാൻ എളുപ്പമായിരുന്നു. ദ്രാസിനും വടക്കുള്ള കുന്നുകളിൽ ഏറ്റവും ഉയരത്തിലുള്ളത് അതായിരുന്നു (5602 മീറ്റർ). മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു പോയൻറ് 4875 (4875 മീറ്റർ ഉയരമുള്ള മറ്റൊരു മല). 1999 മേയ് രണ്ടാമത്തെ ആഴ്ച എട്ടാം സിഖ് യൂണിറ്റിനെ ദ്രാസിലെത്തിക്കുകയും ടൈഗർ ഹില്ലിനെ തിരിച്ചു പിടിക്കാൻ നിയോഗിക്കുകയും ചെയ്തു. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മഞ്ഞ് കവചങ്ങൾക്കു പോലും സാവകാശം ലഭിക്കാതെയായിരുന്നു ഈ ദൌത്യം. ഈ ദൌത്യത്തിനിടയിൽ സിഖ് യൂണിറ്റിന്‌ സാരമായ ആളപായം ഉണ്ടായി. ഇവരെ പിന്നീട് ടൈഗർ മലയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളും പരിയോം കാ താലാബ് എന്ന വടക്കൻ പ്രദേശവും പിടിക്കാനായി നിയോഗിച്ചു. ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല.

ജൂലൈ ആദ്യവാരത്തോടെ 192 മൌണ്ടൻ ബ്രിഗേഡ് പോയന്റ് 4875, ടൈഗർ ഹിൽ എന്നിവ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനു മുന്നേ തന്നെ രജപുത്താന റൈഫിൾസിലെ ഒരു വിഭാഗം റ്റോലോലിങ്ങിനു പടിഞ്ഞാറു ഭാഗം പിടിച്ചിരുന്നു. ടൈഗർ ഹിൽ, കിഴക്കു-പടിഞ്ഞാറായി ഏതാണ് 2200 മീറ്ററും തെക്ക്-വടക്കായി 1000 മീറ്ററും വിസ്താരമുള്ള ഒരു മലയാണ്. ഇതിലേക്ക് കയറിപ്പറ്റാനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ആദ്യത്തേത് പടിഞ്ഞാറുള്ള ഒരു ഇടുക്കായിരുന്നു. ഇതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് കോഡ് നാമം ചെയ്തിരുന്നത്. രണ്ടാമത്തേത് 300 മീറ്റർ പടിഞ്ഞാറുള്ള ഒരു വഴിയായിരുന്നു. ഇതിന്റെ ഹെൽമറ്റ് എന്നാണ് വിളിപ്പേർ. പാകിസ്താൻ 12 വടക്കൻ ലൈറ്റ് ഇൻഫൻട്രിയുടെ ഒരു കമ്പനിപ്പട്ടാളത്തോളം ഈ സ്ഥലങ്ങൾ മൊത്തത്തിൽ കയ്യടക്കിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് 18 ആം ഗ്രനേഡിയർ ഡിവിഷനും 8 ആം സിഖ് ഡിവിഷനും ടൈഗർ ഹില്ലിനടുത്തു തന്നെ നേരത്തേ നിലയുറപ്പിച്ചിരുന്നു. ഇവർക്ക് ഉന്നതങ്ങളിലെ യുദ്ധങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഒരു കൂട്ടം പട്ടാളത്തേയും ആയുധത്തേയും മറ്റു നിർമ്മാണ വിദഗ്ദ്ധരേയും എത്തിച്ച് കൊടുത്ത് ആക്രമണത്തിനായി തയ്യാറെടുത്തു. ഇന്ത്യൻ വായുസേനയും ഈ ദൌത്യത്തിൽ പങ്കാളിയായി. അവർക്ക് നിരവധി ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു.

ടൈഗർ ഹിൽ ആക്രമണം 1999 ജൂലൈ 3 ന്‌ 1900 മണിക്ക് നേരിട്ടും അല്ലാതെയുമുള്ള പീരങ്കി ആക്രമണത്തോടെ ആരംഭിച്ചു. 8 ആം സിഖ് റെജിമൻറായിരുന്നു ആക്രമണത്തിന്റെ ആണിക്കല്ല്. എല്ലാ ദിശയിലേക്കും അഴിച്ചു വിട്ട് കൊണ്ട് ഒരു പ്രത്യേക ആക്രമണ രേഖ ഉണ്ടെന്ന് പാകിസ്താനി പട്ടാളക്കാർക്ക് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇന്ത്യയുടെ വായുസേനയും പീരങ്കിപ്പടയും ഈ സമയം കരസേനയെ സഹായിച്ചു. എങ്കിലും പാകിസ്താൻ തിരിച്ച് ആക്രമിച്ച് കൊണ്ടിരുന്നു. ലെഫ്. ബൽവന്ത് നിങ്ങ് ആണ് 18ആം ഗ്രനേഡിയറിനെ നയിച്ചു കൊണ്ട് ടൈഗർ ഹില്ലിലേക്ക് നീങ്ങിയത്. കാലാവസ്ഥ സഹനീയമായതും അവർക്ക് സഹായത്തിനെത്തി. അവരിൽ പലരും അടുത്ത ദിവസം രാവിലെ 4:30 ന്‌ ടൈഗർ ഹില്ലിന്റെ മുകളിൽ കയറിപ്പറ്റി. പാകിസ്താൻ പക്ഷത്ത് 10-12 മരണങ്ങൾ സംഭവിച്ചിരുന്നു. 18-ആം ഗ്രനേഡിയറിലെ ആറ് പട്ടാളക്കാർക്ക് മാരകമായി മുറിവേറ്റു. അതിലെ ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ് കയറുപയോഗിച്ച് മല കയറിയാണ് (Rope climb) പാകിസ്താന്റെ ആദ്യപോസ്റ്റുകൾ നിർവീര്യമാക്കിയത്, അദ്ദേഹത്തിന് പിന്നീട് പരം വീര ചക്ര ലഭിച്ചു. പോരാട്ടത്തിനിടെ യാദവിനും സാരമായ പരിക്കേറ്റിരുന്നു. യാദവ് ഉൾപ്പെടുന്ന ഘാതക് പ്ലാറ്റൂൺ ടൈഗർ ഹില്ലിലെ വിജയം സുനിശ്ചിതമാക്കി. പാകിസ്താൻ പടയാളികൾ വെസ്റ്റേൺ സ്പർ എന്ന് വിളിച്ചിരുന്ന ഭാഗത്തേക്ക് പിൻവലിയുകയും അവിടെ നിന്ന് വെടിയുതിർത്ത് കൊണ്ടിരിക്കുകയും ചെയ്തു. ഈ ഭാഗം 8ആം സിക്ക് യൂണിറ്റ് അടുത്ത ദിവസം കീഴ്പ്പെടുത്തി. എന്നാൽ പത്ത് ദിവസത്തിനുശേഷം ശക്തമായ ഒരു പ്രത്യാക്രമണം പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായി. അവർ ജൂലൈ 15 ഓടെ ഇന്ത്യാ ഗേറ്റും ഹെല്മറ്റും കൈവശപ്പെടുത്തി. ഇതിനകം ദേശീയ പാത 1എയുടെ നിയന്ത്രണം ലഭിച്ച ഇന്ത്യൻ സൈന്യം, സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ചു. അവർ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

ഇതേസമയം ഇന്ത്യൻ നാവികസേനയും പാകിസ്താൻ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങനെ പാകിസ്താന്റെ സംഭരണ വിതരണ ശൃംഖല തകർക്കാനും സജ്ജമായി. സമ്പൂർണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാൽ പാകിസ്താനു ആറു ദിവസം പിടിച്ചു നിൽക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയിൽ പാകിസ്താൻ പതിച്ചപ്പോൾ പാകിസ്താൻ കരസേന രഹസ്യമായി ഇന്ത്യക്കുമേൽ ആണവാക്രമണം നടത്തുവാൻ പദ്ധതിയിട്ടു. എന്നാൽ ഈ വാർത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ നവാസ് ഷെരീഫിനു കർശനമായ താക്കീതു നൽകാൻ നിർബന്ധിതനായി. രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായി.ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി. ജൂലൈ നാലായപ്പോഴേക്കും ഷെരീഫ് പാകിസ്താൻ പിന്തുണയുള്ളവരെ പിൻ‌വലിക്കാമെന്നു സമ്മതിച്ചു. പോരാട്ടം സാധാരണ നിലപ്രാപിക്കുകയും ചെയ്തു. എന്നാൽ ചില തീവ്രവാദികൾ ഇതിനെ പിന്തുണച്ചില്ല. യുണൈറ്റഡ് ജിഹാദി കൌൺസിൽ പോലുള്ള സംഘടനകളും പാകിസ്താന്റെ പിന്മാറ്റ പദ്ധതിയെ എതിർത്തു. തത്ഫലമായി ഇന്ത്യൻ കരസേന അവസാന ആക്രമണത്തിനു കോപ്പുകൂട്ടുകയും ഉടൻ തന്നെ ജിഹാദികളെ നീക്കം ചെയ്യുകയും ചെയ്തു. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു. യുദ്ധാനന്തരം ഇന്ത്യ ഷിം‌ല കരാർ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.

വിമതരെ നിയന്ത്രണരേഖ കടക്കാൻ അനുവദിച്ചതിന്റെ പേരിൽ അന്താരാഷ്ട്രസമൂഹം പാകിസ്താനെ കുറ്റപ്പെടുത്തി. നുഴഞ്ഞുകയറിയവരെ കാശ്മീരി സ്വാതന്ത്ര്യ പോരാളികൾ എന്നു പേരിട്ടു വിളിച്ചുള്ള പാകിസ്താന്റെ നയതന്ത്ര നീക്കവും ഫലവത്തായില്ല. പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം വെറും അടിസ്ഥാനപരിശീലനം‍ മാത്രം സിദ്ധിച്ചിട്ടുള്ള “കശ്മീരി പോരാളികൾ”ക്ക് ഇത്തരത്തിലുള്ള ഉയർന്ന ഭൌമമണ്ഡലത്തിൽ എത്തിച്ചേരാനോ അവിടെനിന്ന് ആക്രമണത്തെ പ്രതിരോധിക്കാനോ സാധ്യമല്ല. പാകിസ്താൻ കരസേന രണ്ട് സൈനികർക്ക് പാകിസ്താന്റെ ഏറ്റവും ഉയർന്ന സൈനിക പുരസ്കാരമായ നിഷാൻ-ഇ-ഹൈദർ-ഉം 90 സൈനികർക്ക് ധീരതക്കുള്ള പുരസ്കാരവും നൽകി, അവയിൽ ഭൂരിഭാഗവും മരണാനന്തര ബഹുമതിയായിട്ടായിരുന്നു. ഇതു പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന നടപടിയായിരുന്നു. ഇന്ത്യ ചോർത്തിയ ഒരു ഫോൺ സംഭാഷണത്തിൽ പാകിസ്താൻ കരസേനാ മേധാവി ഒരു പാകിസ്താനി ജെനറലോട് “പിടി നമ്മുടെ കൈയ്യിലാണ്” എന്നു പറയുന്നുണ്ട്. എന്നാൽ ആ തെളിവ് തികച്ചും കൃത്രിമമാണെന്ന് പാകിസ്താൻ വാദിച്ചിരുന്നു.

ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നപ്പോൾ‍, ജൂലൈ നാലിനു പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ കാണാൻ ചെല്ലുകയും പിന്തുണ തേടുകയും ചെയ്തു. എന്നാൽ ക്ലിന്റൻ രോഷപ്പെടുകയാണുണ്ടായത്. തന്റെ കഴിവുപയോഗിച്ച് തീവ്രവാദികളേയും സൈനികരേയും നിയന്ത്രണരേഖക്കുള്ളിലേക്ക് പിൻ‌വലിക്കാനും ക്ലിന്റൻ ആവശ്യപ്പെട്ടു. തന്റെ പുസ്തകത്തിൽ ക്ലിന്റൻ “ഷെരീഫിന്റെ നീക്കങ്ങൾ സംശയാസ്പദമായിരുന്നു” എന്നു കുറിച്ചിട്ടുണ്ട് കാരണം അന്ന് വാജ്‌പേയി ലാഹോറിലെത്തുകയും പരസ്പരചർച്ചവഴി പ്രശ്നം പരിഹരിക്കാമെന്നും സമ്മതിച്ചിരുന്നു. എന്നാൽ “നിയന്ത്രണരേഖ ലംഘിക്കുന്നതു വഴി പാകിസ്താൻ ചർച്ചകളെ നശിപ്പിച്ചിരുന്നു” എന്നാണ് ക്ലിന്റന്റെ അഭിപ്രായം. അതേ സമയം തന്നെ നിയന്ത്രണരേഖ ലംഘിക്കാതിരിക്കാനും അങ്ങനെ സമ്പൂർണ്ണയുദ്ധമുണ്ടാകാതിരിക്കാനും ഇന്ത്യ കാട്ടിയ സംയമനം ക്ലിന്റൻ അനുമോദിക്കുകയും ചെയ്തു. മറ്റു ജി-8 രാജ്യങ്ങളും കൊളോൺ ഉച്ചകോടിയിൽ ഇന്ത്യയെ പിന്തുണക്കുകയും പാകിസ്താന്റെ നിയന്ത്രണരേഖാ ലംഘനത്തെ അപലപിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനും നിയന്ത്രണരേഖയുടെ ലംഘനത്തെ എതിർത്തു. ചൈന പാകിസ്താന്റെ സഖ്യകക്ഷിയാണെങ്കിലും പോരാളികളെ പിൻ‌വലിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ വർദ്ധിച്ച അന്താരാഷ്ട്ര സമ്മർദ്ദത്തിനൊടുവിൽ നവാസ് ഷെരീഫ് സൈനികരെ പിൻ‌വലിക്കാൻ സമ്മതിച്ചു. ക്ലിന്റണും ഷെരീഫും സംയുക്തമായി നിയന്ത്രണരേഖയെ ബഹുമാനിക്കണമെന്നും, ദ്വികക്ഷി ചർച്ചകൾ തുടരണമെന്നും പ്രഖ്യാപിച്ചു.

അനന്തരഫലങ്ങൾ – ഇന്ത്യയിൽ : യുദ്ധാനന്തരം ഇന്ത്യൻ ഓഹരി വിപണി 1,500 പോയിന്റുകൾ ആണ് കയറിയത്. അടുത്ത ദേശീയ ബജറ്റിൽ ഇന്ത്യ സൈനികാവശ്യങ്ങൾക്കായി തുകയിൽ വൻ‌ ഉയർച്ച വരുത്തി. യുദ്ധത്തിന്റെ ഒടുക്കം മുതൽ ഫെബ്രുവരി 2000 വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയായിരുന്നു. ജനങ്ങളുടെ ദേശസ്നേഹം പെട്ടെന്ന് കുതിച്ചുയർന്നു. ഇന്ത്യക്കാർ സംശയാസ്പദമായ സാഹചര്യത്തിൽ പൈലറ്റ് അജയ് അഹൂജ മരിച്ചതിൽ സംശയാലുക്കളുമായിരുന്നു. ഇന്ത്യൻ പക്ഷം അജയ് അഹൂജ കൊല്ലപ്പെട്ടതാണെന്നും പാകിസ്താനി ട്രൂപ്പുകൾ മൃതദേഹത്തെ വരെ അപമാനിച്ചെന്നും ആരോപിച്ചു. കണക്കു കൂട്ടിയതിലും കൂടുതൽ മരണങ്ങൾ ഉണ്ടായി, അവരിൽ വളരെ വലിയ ഒരു സംഖ്യ പുതിയ കമ്മീഷൻഡ് ഓഫീസേഴ്സ് ആയിരുന്നു. ഒരു മാസത്തിനു ശേഷം പാകിസ്താൻ നാവികസേനയുടെ ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടത് വീണ്ടും സംഘർഷത്തിലേക്ക് നയിക്കും എന്നും ചെറിയ ഭീതി ഉയർത്തി.

യുദ്ധത്തിനു ശേഷം ഇന്ത്യൻ ഭരണകൂടം പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഇന്ത്യ പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തി. ഈ സന്ദർഭത്തിൽ, പ്രതിരോധ ഇടപാട് കുംഭകോണം, ശവപ്പെട്ടി കുംഭകോണം ചില അപവാദങ്ങളും ഉയർന്നു വന്നു. റോ പോലുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനകൾക്കെതിരേയും കടുത്ത വിമർശനമുയർന്നു, നുഴഞ്ഞുകയറ്റം മുൻ‌കൂട്ടി അറിഞ്ഞില്ലെന്നും യുദ്ധാരംഭത്തിൽ തന്നെ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കണ്ടെത്താനായില്ല എന്നതുമായിരുന്നു പ്രധാന ആരോപണങ്ങൾ. സായുധപട്ടാളം സ്വയം നടത്തി, പിന്നീട് ഒരു ആനുകാലികപ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മറ്റനേകം വീഴ്ചകളെ കുറിച്ച് പരാമർശിച്ചിരുന്നു, “പരസ്പരസ്നേഹമില്ലായ്മ”, “യുദ്ധത്തിനായി തയ്യാറെടുപ്പില്ലായ്ക” എന്നിവയാണവയിൽ പ്രധാനം. പോരാളികളിൽ ഉന്നതോദ്യോഗസ്ഥർക്ക് നിയന്ത്രണമില്ലായ്ക, ബോഫോഴ്സ് പോലുള്ള വലിയ തോക്കുകളുടെ അഭാവം മുതലായവയും അതിൽ പരാമർശിച്ചിരുന്നു. 2010-ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ അശോക് ചവാൻ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ ബന്ധുക്കൾക്കുമായി ആണെന്ന് അവകാശപ്പെട്ട് നിർമ്മിച്ച ആദർശ് ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റുകൾ പേരിനു മാത്രമേ കാർഗിൽ പോരാളികൾക്കും നൽകിയുള്ളെന്ന കാരണത്താൽ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടു.

കാർഗിൽ വിജയത്തെ തുടർന്ന് ലോകസഭയിലേക്ക് നടന്ന പതിമൂന്നാം തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. വിജയം സുനിശ്ചിതമാക്കിയിരുന്നു. 1999 ഒക്ടോബറിൽ ആകെയുള്ള 505 സ്ഥാനങ്ങളിൽ 303-ഉം കൈയ്യിലാക്കി എൻ.ഡി.എ വിജയിച്ചു. യു.എസിനു പാകിസ്താനുമായുണ്ടായ നീരസവും യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ ഇന്ത്യ സ്വീകരിച്ച നയങ്ങളും നയതന്ത്രബന്ധങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾക്ക് പുത്തനുണർവേകി. 9/11 ആക്രമണം ഈ ബന്ധങ്ങളെ ഒന്നുകൂടി ഉറപ്പിച്ചു. പ്രതിരോധ ഉപകരണങ്ങളും, വിദൂരനിയന്ത്രിത വ്യോമ വാഹനങ്ങളും, ലേസർ നിയന്ത്രിത ബോംബുകളും, ഉപഗ്രഹ ചിത്രങ്ങളും നൽകുന്നവർ എന്ന നിലയിൽ ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധവും ശക്തിപ്പെട്ടു.

പാകിസ്താനിൽ : അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു. ആദ്യ നേട്ടങ്ങൾക്കു ശേഷം നോർത്തേൺ ലൈറ്റ് ഇൻഫന്റ്രിയുടെ നാശം ആരംഭിച്ചപ്പോൾ, ഭരണകൂടം സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും വിസമ്മതിച്ചപ്പോൾ[54] സൈനികരുടെ ആത്മവീര്യം കൂപ്പുകുത്തി. ഷെരീഫ് പിന്നീട് 4,000 പാകിസ്താനി പട്ടാളക്കാർ നഷ്ടപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ചു. കാർഗിലിനെ സംബന്ധിച്ച് മുഷാറഫ് നടത്തിയിട്ടുള്ള അപൂർവ്വ പരാമർശങ്ങളൊന്നിൽ “മുൻ നേതാവു തന്നെ സ്വന്തം സേനയെ ഇടിച്ചു കാട്ടുന്നത് എന്നെ വേദനിപ്പിക്കുന്നു” എന്നാണ് ഷെരീഫിന്റെ പരാമർശത്തെ കുറിച്ച് പറഞ്ഞത്, ഇന്ത്യൻ മരണങ്ങളുടെ എണ്ണം പാകിസ്താന്റേതിനേക്കാളും കൂടുതലാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പട്ടാളം യുദ്ധശേഷം അവരുടെ സൈനികരുടെ സാന്നിദ്ധ്യം യുദ്ധത്തിൽ ഉണ്ടായിരുന്നുവെന്ന് ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല, എന്നാൽ 2010-ൽ പട്ടാളം ഈ നിലപാടിൽ നിന്ന് മാറുകയും അവരുടെ വെബ്സൈറ്റിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട 453 സൈനികരുടെ പേരുകൾ നൽകുകയും ചെയ്തു. പാകിസ്താനിലെ പലരും ഇന്ത്യൻ പട്ടാളത്തിനു മേൽ ഒരു വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവഗതിയിൽ ഹൃദയം തകർന്ന് പിന്മാറലിനെ ചോദ്യം ചെയ്തു. പട്ടാളമേധാവിത്തം പിന്മാറലിൽ സംതൃപ്തരല്ലായിരുന്നു. കൂടാതെ ഷെരീഫ് കാർഗിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായി കരസേനാ മേധാവി മുഷാറഫിന്റെ ചുമലിൽ വെച്ചുകൊടുക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ ഒരു അകൽച്ചയുണ്ടായി. 1999 ഒക്ടോബർ 12-നു മുഷാറഫ് രക്തരഹിതമായ പട്ടാളവിപ്ലവത്തിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം കൈയടക്കുകയുണ്ടായി.

പ്രതിപക്ഷ നേതാവും മുൻപ്രധാനമന്ത്രിയുമായ ബേനസീർ ഭൂട്ടോ കാർഗിൽ യുദ്ധത്തെ “പാകിസ്താന്റെ ഏറ്റവും വലിയ വിഡ്ഢിത്തം” എന്നാണ് വിളിച്ചത്. പല മുൻ പട്ടാള, ഐ.എസ്.ഐ ഉദ്യോഗസ്ഥരും “കാർഗിൽ യാതൊരു മെച്ചവും ഉണ്ടാക്കിയില്ല“ എന്ന പക്ഷക്കാരായിരുന്നു. അനേകം ജീവനുകളുടെ നഷ്ടത്തിന്റേയും അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റപ്പെടുത്തലിന്റേയും പശ്ചാത്തലത്തിൽ പാകിസ്താനി മാദ്ധ്യമങ്ങളും പദ്ധതിയേയും പിന്മാറലിനേയും അതി നിശിതമായി വിമർശിച്ചു.പലഭാഗത്തുനിന്നും അന്വേഷണത്തിനു സമ്മർദ്ദമുണ്ടായെങ്കിലും പോരാട്ടം ആരംഭിക്കാനുള്ള കാരണത്തെ കുറിച്ച് ഒരു അന്വേഷണം ഉണ്ടായില്ല. എങ്കിലും പാകിസ്താനി രാഷ്ട്രീയ കക്ഷിയായ പി.എം.എൽ(എൻ) പുറത്തിറക്കിയ ധവള പത്രം -നവാസ് ഷെരീഫ് ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചെന്നും അവർ ജനറൽ പർവേസ് മുഷാറഫിനെ കോർട്ട് മാർഷൽ ചെയ്യാൻ ശുപാർശ ചെയ്തുവെന്നും പറയുന്നു. ഭരണം പിടിച്ചെടുത്ത ശേഷം അത് മുഷാറഫ് സ്വയം രക്ഷിക്കാനായി മോഷ്ടിച്ചുമാറ്റിയെന്നും അവർ ആരോപിക്കുന്നു. അതിൽ തന്നെ ഇന്ത്യക്ക് പദ്ധതിയെ കുറിച്ച് 11 മാസം മുമ്പുതന്നെ അറിയാമായിരുന്നുവെന്നും, സൈനിക, സാമ്പത്തിക, നയതന്ത്ര മേഖലകളിലെ പരിപൂർണ്ണ വിജയത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. കാശ്മീർ പ്രശ്നത്തെ അന്താരാഷ്ട്ര തലത്തിൽ കാർഗിൽ പോരാട്ടം പ്രശസ്തമാക്കിയെങ്കിലും(അത് പാകിസ്താന്റെ ഒരു ലക്ഷ്യമായിരുന്നു) പാകിസ്താന്റെ വിശ്വാസ്യതയെ അത് ചോദ്യം ചെയ്തു, ഒരു സന്ധി സംഭാഷണത്തിനു തൊട്ടു പിറകേയായിരുന്നു നുഴഞ്ഞുകയറ്റം എന്നതു തന്നെ കാരണം. നിയന്ത്രണ രേഖയുടെ പ്രാധാന്യവും അന്താരാഷ്ട്ര ശ്രദ്ധയിൽ പെട്ടു.

യുദ്ധാനന്തരം കരസേനയിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായി. നോർത്തേൺ ലൈറ്റ് ഇൻഫന്റ്രി നടത്തിയ സേവനങ്ങൾ മുൻ നിർത്തി അർദ്ധ സൈനിക വിഭാഗമായിരുന്ന അവരെ പൂർണ്ണ സൈനിക വിഭാഗമാക്കി. തന്ത്രപരമായി അത്ര ബുദ്ധിപരമല്ലാത്ത ഒരു പദ്ധതി, കുറഞ്ഞ ഗൃഹപാഠം, രാഷ്ട്രീയ-നയതന്ത്ര സമ്മർദ്ദങ്ങളെ അളക്കാനുള്ള ശേഷിക്കുറവ് വിവരങ്ങളുടെ ഏകോപനമില്ലായ്മ എന്നിവയെ യുദ്ധം കാട്ടിക്കൊടുത്തു.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഒട്ടനവധി സിനിമകൾ കാർഗിൽ പോരാട്ടത്തെ ആധാരമാക്കി പുറത്തിറങ്ങി. എൽ.ഒ.സി:കാർഗിൽ(2003), നാലുമണിക്കൂറിലധികം ഉള്ള ഈ ഹിന്ദി ചലച്ചിത്രം കാർഗിൽ സംഭവ പരമ്പരകളെ വരച്ചു കാട്ടുന്നു., ലക്ഷ്യ(2004), പരം വീര ചക്ര ലഭിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. ചലച്ചിത്ര നിരൂപകർ യഥാതഥ ചിത്രീകരണരീതിയെ ഏറെ പ്രശംസിച്ചു. പാകിസ്താനിൽ നിന്നും ചിത്രത്തിനു നല്ലപ്രതികരണമാണുണ്ടായത്., ധൂപ്(2003), അശ്വിനി ചൌധരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മരണാനന്തരം മഹാ വീര ചക്ര ലഭിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു., മിഷൻ ഫതേഹ്-സഹാറാ ചാനലിൽ പ്രക്ഷേപണം ചെയ്ത പരമ്പര, ഫിഫ്റ്റി ഡേ വാർ: യുദ്ധത്തിന്റെ നാടകീയ പുനരാവിഷ്കാരം. യഥാർത്ഥ വിമാനവും സ്ഫോടനങ്ങളുമെല്ലാം ഉപയോഗിക്കുന്നു. ഹിന്ദിക്കു പുറമേ മറ്റു പ്രാദേശിക ഭാഷകളിലും കാശ്മീർ പ്രശ്നവും, കാർഗിലുമായും ബന്ധപ്പെട്ടുള്ള അനേകം ചിത്രങ്ങൾ ഇറങ്ങി. മലയാളത്തിൽ ഇത്തരത്തിലറങ്ങിയ ചിത്രമാണ്‌ കുരുക്ഷേത്ര.

Wednesday, 7 November 2018

" അച്ഛന് നാണമില്ലാരുന്നല്ലോ അമേരിക്കയുടെ സൗജന്യ ഉപ്പുമാവ് തിന്നാൻ



" അച്ഛന് നാണമില്ലാരുന്നല്ലോ അമേരിക്കയുടെ സൗജന്യ ഉപ്പുമാവ് തിന്നാൻ. ഞാനായിരുന്നെങ്കിൽ ഒരിക്കലും അത് കഴിക്കില്ലായിരുന്നു".

കടപ്പാട്: സജീവ് ala

ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ ഇന്ത്യയിലെ ഭക്ഷ്യോല്പാദനത്തെയും സ്വയംപര്യാപ്തതയേയും കുറിച്ചുള്ള പാഠഭാഗം വീട്ടിലിരുന്ന് പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് പെങ്കൊച്ച് എൻറെ നേരെ അട്ടഹസിച്ചത്.

ഹരിത വിപ്ലവത്തിന് മുൻപ് നമ്മുടെ രാജ്യത്ത് ആവശ്യത്തിന് അരിയും ഗോതമ്പും ഒന്നും ഉല്പാദിപ്പിക്കുന്നില്ലായിരുന്നെന്നും അന്നൊക്കെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഭക്ഷ്യധാന്യങ്ങൾക്കായി നമ്മൾ യാചിച്ചുനില്ക്കുകയായിരുന്നെന്നും പറഞ്ഞതിൻറെ കൂട്ടത്തിൽ അച്ഛനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ അമേരിക്ക സൗജന്യമായി തന്നിരുന്ന ഗോതമ്പിൻറെ ഉപ്പുമാവാണ് ഉച്ചയ്ക്ക് കഴിച്ചിരുന്നതെന്ന് സൂചിപ്പിച്ചപ്പോഴാണ് സകല നിയന്ത്രണവും വിട്ട് പെണ്ണിന്റെ ആത്മാഭിമാനം പൊട്ടിത്തെറിച്ചത്.

ദാരിദ്ര്യം അപ്രത്യക്ഷമാകുമ്പോൾ
പട്ടിണി വിട്ടൊഴിയുമ്പോൾ
ജീവിതം സമൃദ്ധമാകുമ്പോൾ മനുഷ്യരിലേക്ക് ഇരച്ചുകയറുന്ന ഒരു വികാരമാണ് ആത്മാഭിമാനം.

സ്വന്തം ജനങ്ങളെ അന്നമൂട്ടാനായി അമേരിക്കയെ പോലെയുള്ള സമ്പന്നരാജ്യങ്ങുടെ മുന്നിൽ ഭിക്ഷാപാത്രവുമായി നിന്ന ഒരു കെട്ട ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നു.

CARE പദ്ധതിയിലുടെ അമേരിക്ക ചാരിറ്റിയായി തന്നിരുന്ന ഗോതമ്പ് ഉപ്പുമാവായിരുന്നു പ്രൈമറി ക്ലാസുകളിൽ ഞങ്ങളുടെ ജനറേഷന്റെ ഉച്ചഭക്ഷണം.

നാടൻ നെൽവിത്തും നാടൻപശുവും ചാണകവും ചാരവും കൂട്ടിക്കുഴഞ്ഞ ജൈവകൃഷിയുമായി പട്ടിണി തിന്ന് ഇന്ത്യ വാടിത്തളർന്നിരുന്ന കാലത്താണ് ഇന്ദിരാഗാന്ധി ഡോ. സ്വാമിനാഥനെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.

'' മിസ്റ്റർ സ്വാമിനാഥൻ ആഹാരത്തിനായി അന്യരാജ്യങ്ങളുടെ മുൻപിൽ കൈനീട്ടി നില്ക്കുന്ന നമ്മുടെ രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ തലയുയർത്തി നില്ക്കാനാവുന്നില്ല. സ്വന്തം ജനങ്ങൾക്ക് ആഹാരം പോലും നല്കാനാവാത്ത ഭാരതത്തിന് സ്വതന്ത്രമായ വിദേശനയമോ പ്രതിരോധതന്ത്രങ്ങളോ ഒന്നും രൂപപ്പെടുത്തുവാൻ കഴിയുന്നില്ല. ഇന്നത്തെ നാണംകെട്ട അവസ്ഥയിൽ നിന്ന് കരകയറാൻ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഏതുവിധേനയും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചേ മതിയാവൂ. ''

ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും
സി. സുബ്രഹ്മണ്യം എന്നൊരു ദൂരക്കാഴ്ചയുള്ള കൃഷി മന്ത്രിയും ഡോ. സ്വാമിനാഥൻറെ നേതൃത്വത്തിൽ ഒരു പറ്റം ആത്മസമർപ്പിതരായ കാർഷിക ശാസ്ത്രജ്ഞരും ഒത്തുപിടിച്ചപ്പോൾ ഇന്ത്യ ഹരിതവിപ്ലവറാണിയായി മാറി.

രാജ്യത്തിന്റെ ഗോഡൗണുകളിൽ അരിയും ഗോതമ്പും നിറഞ്ഞു കവിഞ്ഞു.

ഭാരതം ഇന്ന് ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു.

ഫുഡ് സെക്യൂരിറ്റി ആക്ടിലൂടെ പാവപ്പെട്ടവർക്ക് ഏതാണ്ട് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കാനാവുന്ന സ്ഥിതിവിശേഷം നിലവിൽ വന്നു.

ഭക്ഷ്യക്ഷാമം കൊണ്ട് നട്ടം തിരിഞ്ഞ് എല്ലും തോലുമായി വികസിതരാഷ്ട്രങ്ങളുടെ സൌജന്യറേഷന്റെ ഓശാരത്തിൽ ജീവിച്ചിരുന്ന ഒരു രാജ്യത്തിപ്പോൾ മിച്ചോല്പാദനം

നാഴൂരിപ്പാലിന്റെ സ്ഥാനത്ത് ധവളരാജ്യപ്പെരുമ.

അങ്ങനെ പട്ടിണിമാറി ശരീരത്ത് കൊഴുപ്പും കൊളസ്ട്രോളുമൊക്കെ ആയപ്പോൾ ചില കൂട്ടർക്ക് ജൈവകൃഷി മാനിയയും വെച്ചൂർ പശു നൊസ്റ്റാൾജിയയും കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി.

നാല് നാടൻപശുക്കളും അതിൻറെ ചാണകവും മാത്രം മതി രാജ്യത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാനെന്ന് തട്ടിവിടുന്നവർക്ക് കമ്മ്യുണിസ്റ്റുകാരുടെ ഇടയിൽ വരെ സ്വീകാര്യത കിട്ടിക്കഴിഞ്ഞിരിക്കുന്നു.

ചാണക-ചാര മാഹാത്മ്യ പുരാണപാരായണം സദാസമയം അന്തരീക്ഷത്തിൽ അലയടിക്കുന്നു.

എന്ത് മാലിന്യത്തിന്റെ കൂടെയും 'ജൈവം' എന്ന് ചേർത്താൽ ചൂടപ്പം പോലെ വിറ്റഴിയുന്ന നിലയിൽ പൊതുബോധം ഹൈജാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു .

നാടിന്റെ പട്ടിണി മാറ്റാനായി രാവും പകലും അധ്വാനിച്ച മഹാനായ ഡോ. M.S സ്വാമിനാഥനെ പരിസ്ഥിതി തീവ്രവാദികളും പ്രകൃതി ഉപാസകരായ ചില സ്വപ്നാടനക്കാരും ചേർന്ന് നാഴികക്ക് നാല്പതുവട്ടം തെറിയഭിഷേകം നടത്തുന്നു.

എല്ലുമുറിയെ പണിയെടുത്തിരുന്ന കോരന് പണ്ട് കുമ്പിളിൽ കഞ്ഞി
മൂക്കൂമുട്ടെ തിന്നാനുള്ള സൗകര്യമുണ്ടാക്കിത്തന്ന കാർഷിക ശാസ്ത്രജ്ഞന് ഇന്ന് ശാപവചനങ്ങൾ.

ഉണ്ടുനിറഞ്ഞു കഴിയുമ്പോൾ ഊണൊരുക്കിയവനെ അധിക്ഷേപിക്കുന്നതിൻറെ സുഖം ഒന്നു വേറെ തന്നെയാണ്..!

Search This Blog